Asianet News MalayalamAsianet News Malayalam

'സച്ചി സാറിന് നന്ദി'; പുരസ്‌കാര നേട്ടത്തിൽ സന്തോഷം എന്ന് നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഗാനത്തിലാണ് നഞ്ചിയമ്മ മികച്ച പിന്നണി ​ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയില്‍ എന്‍റെ ശബ്ദം കേൾപ്പിച്ച സച്ചി സാറിന് നന്ദിയെന്നും നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

National Film Awards 2022 Nanjiyamma thanks director sachi
Author
First Published Jul 22, 2022, 5:52 PM IST

പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ ഒത്തിരി സന്തോഷമെന്ന് ഗായിക നഞ്ചിയമ്മ. സിനിമയില്‍ എന്‍റെ ശബ്ദം കേൾപ്പിച്ച സച്ചി സാറിന് നന്ദിയെന്നും നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തില്‍ ഗാനത്തിലാണ് നഞ്ചിയമ്മ മികച്ച പിന്നണി ​ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്.

മലയാള സിനിമകളുടെ പുരസ്കാര നേട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് അയ്യപ്പനും കോശിയും സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു. ബിജു , നാച്ചിയമ്മ എന്നിവർക്ക് അവാർഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഒപ്പം സംവിധായകൻ സഞ്ചി ഇല്ലാത്തതിൽ വിഷമം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നഞ്ചിയമ്മക്ക് അവാർഡ് നൽകിയത് വലിയ കാര്യമാണ്. അവരുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹമാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

 ‘കളക്കാത്ത സന്ദനമേറം...' : നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡിന്‍റെ തിളക്കം

സാമ്പ്രദായിക ചലച്ചിത്ര ഗാനം ആയിരുന്നില്ല അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത്. ആ ഗാനത്തിലൂടെ മലയാളത്തിന്‍റെ മനസിലേക്ക് പാടിക്കയറിയ നാഞ്ചിയമ്മ ഒടുവില്‍ ദേശീയ അവാര്‍ഡിന്‍റെ നിറവില്‍. ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ പാട്ട് ‘കളക്കാത്ത സന്ദനമേറം... പൂത്തിരിക്കും പൂപറിക്കാ പോകിലാമോ...’എന്ന ഗാനത്തിന്‍റെ ശബ്ദത്തിന് ദേശീയ പുരസ്കാരവും. 

ഇന്ന് ദില്ലിയില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ അയ്യപ്പനും കോശിയും ഏറെ പുരസ്കാരം നേടുമെന്ന് കരുതിയിരുന്നെങ്കിലും നാഞ്ചിയമ്മയുടെ പുരസ്കാര ലബ്ദി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നാഞ്ചിയമ്മ നേടിയിരുന്നു.

ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്. നല്ലൊരു കൃഷിക്കാരിയും കൂടിയാണ് ഇവർ.

അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു .യുട്യൂബിൽ റിലീസ് ചെയ്ത ഗാനം അന്ന് തന്നെ ദശലക്ഷക്കണക്കിന് വ്യൂ ആണ് നേടിയത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനത്തിന്‍റെ വരികള്‍. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

മികച്ച നടി അപർണ, നടൻ സൂര്യയും അജയ് ദേവ്ഗണും, സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി

ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ജീവനാണ്. തലമുറകള്‍ കൈമാറി വന്ന ഈണങ്ങളാണ് നാഞ്ചിയമ്മയിലൂടെ മലയാള സിനിമയില്‍ എത്തിയത്. 

ഛായാഗ്രഹയായ ഫൗസിയ ഫാത്തിമക്കു കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിക്കൊടുത്ത സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.

Follow Us:
Download App:
  • android
  • ios