Asianet News MalayalamAsianet News Malayalam

'നാളെ നമ്മുടെ കാര്യം എങ്ങനെയാകും'; നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ; വീഡിയോ

ഗാന്ധിഭവന്‍ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ. 

navya nair emotional talk about  actor tp madhavan
Author
Kochi, First Published May 16, 2022, 9:09 AM IST

​ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യ നായർ(Navya Nair). പത്തനാപുരം ഗാന്ധിഭവനിൽ വച്ചാണ് നടി മാധവനെ കണ്ടുമുട്ടിയത്. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടൻ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു. ഗാന്ധിഭവന്‍ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ. 

നവ്യയുടെ വാക്കുകൾ

ഇവിടെ വന്നപ്പോള്‍ ടി പി  മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഷോക്കായി പോയി. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായി.

മാതാപിതാക്കളെക്കാൾ മുകളിലായി ആരെയും ഞാൻ കണക്കാക്കിയിട്ടില്ല. മാതാ പിതാ ഗുരു ദൈവം എന്നല്ലേ പഠിക്കുന്നത്. അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛൻ- അമ്മമാർ ഉണ്ട്. തന്റേതല്ലാത്ത കാരണത്താൽ അല്ലാതെ അനാഥരായവർ, അവർക്ക് കുട്ടികളുണ്ട്. അവർക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവർക്കായി ഒരു നൃത്തം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇൻഫെക്‌ഷൻ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാൻ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്. ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു. പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ തിരിച്ചറിയും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു.

ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്‌ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാൻ കഴിയും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. 

Follow Us:
Download App:
  • android
  • ios