അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പം നവ്യയും യുവം 2023 പരിപാടിയുടെ ഭാഗമായിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൊച്ചിയിലെ യുവം പരിപാടിയുടെ വേദി പങ്കിട്ടതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രതികരണവുമായി നടി നവ്യ നായര്‍. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഒറ്റ വരി കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം, എന്നാണ് നവ്യയുടെ വാക്കുകള്‍.

യുവം വേദിയിൽ അപർണ ബാലമുരളി, ആവേശം പകരാൻ നവ്യയുടെ ഡാൻസ്; ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, പ്രമുഖരുടെ നീണ്ടനിര

മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട യുവം 2023 പരിപാടിയില്‍ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ മേഖലകളില്‍ നിന്ന് നിരവധിപേര്‍ പങ്കെടുത്തിരുന്നു. അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം നവ്യയും പരിപാടിയുടെ ഭാഗമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നവ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നവ്യയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന മട്ടിലായിരുന്നു കമന്‍റുകള്‍. മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പ്രശംസാവാചകങ്ങള്‍ പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. നവ്യയുടെ അഭിപ്രായമെന്ന നിലയില്‍ ഒരു വ്യാജവാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പ്രചരിച്ചിരുന്നു. അപര്‍ണയെപ്പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും ഇടത് രാഷ്ട്രീയം എന്നായിരുന്നു ഇതിലെ തലക്കെട്ട്. 

View post on Instagram

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. 45 മിനിറ്റ് അദ്ദേഹവുമായി സംസാരിക്കാന്‍ സമയം ലഭിച്ചെന്നും ഏറെക്കാലമായി താന്‍ ആഗ്രഹിച്ചിരുന്നത് പോലെ ഗുജറാത്തിയിലായിരുന്നു തങ്ങളുടെ ആശയവിനിമയമെന്നും ഉണ്ണി അറിയിച്ചിരുന്നു. വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ്, കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം, യുവം 2023 എന്നിവയായിരുന്നു കേരള സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത പ്രധാന പരിപാടികള്‍.

ALSO READ : ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?