Asianet News MalayalamAsianet News Malayalam

നയൻതാര ഇനി ആര്‍കിടെക്റ്റ്!

നയൻതാര അടുത്തതായി അഭിനയിക്കുന്നത് ആര്‍കിടെക്റ്റ് ആയെന്ന് റിപ്പോര്‍ട്ട്.

Nayantara is the architect of Darbar
Author
Chennai, First Published Dec 30, 2019, 3:35 PM IST

രജനികാന്തും നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരും കരുതുന്നത്. ചിത്രത്തില്‍ നയൻതാരയുടെ കഥാപാത്രം എന്തായിരിക്കും എന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

രജനികാന്തിന്റെ ജോഡിയായിട്ടു തന്നെയാണ് നയൻതാര ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ഒരു ആര്‍കിടെക്റ്റ് ആയിട്ടായിരിക്കും നയൻതാര ചിത്രത്തിലുണ്ടാകുക എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ വൻ ഹിറ്റായിരുന്നു. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യമാണ് ചുമ്മാ കിഴി എന്ന ഇൻട്രോ ഗാനം പാടിയത്.   രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുക.

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios