ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നം പരമ്പരയുടെ കഥാഗതി തന്നെ മാറ്റുകയാണ്. പ്രശ്‌നത്തില്‍ എല്ലാവരും കസ്‍തൂരിയെയാണ് സംശയിച്ചു തുടങ്ങിയതെങ്കില്‍ നിലവില്‍ എല്ലാ കണ്ണുകളും റാണിക്ക് നേരെ തന്നെയാണ്. എന്നാല്‍ എല്ലാ പ്രശ്‌നത്തിനും ഹേതുവായ സ്വാതി റാണിയെ പഴിചാരി മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് സ്വാതിയുടെ കള്ളക്കളികള്‍ തകര്‍ത്ത് അവളെ വീട്ടില്‍ നിന്നും പുറത്താക്കുന്നതെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കസ്‍തൂരിയാണ് തന്റെ കുട്ടിയെ ഇല്ലാതാക്കിയത് എന്ന് വിശ്വസിക്കുന്ന റാണി, ആദി കസ്‍തൂരിയെ ബൈക്കിനു പിന്നില്‍ കയറ്റിയത് കാണുകയാണ്. കൂട്ടുകാരി ഷഹനയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് റാണി കാണുന്നത്. ഇത് ആദ്യമായിട്ടല്ലല്ലോ കസ്‍തൂരിയെ ആദി ബൈക്കില്‍ കയറ്റുന്നതെന്ന് ഷഹന പറയുന്നുണ്ട്. പക്ഷെ റാണിയുടെ  ഇപ്പോഴാണ് കസ്‍തൂരി ആദിയുടെ ഭാര്യയാണെന്നത് അറിഞ്ഞത്. കുട്ടിയെ ഇല്ലാതാക്കിയത് കസ്‍തൂരി തന്നെയാണ് എന്ന് റാണി വിശ്വസിക്കുന്നതും.

വീട്ടിലെത്തുന്ന റാണി, ആദിയും കസ്‍തൂരിയും വീട്ടിലെത്തിയില്ല എന്നറിഞ്ഞ് ആകെ തീപിടിച്ച് നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരാളെ സ്‌നേഹിക്കുന്നത് തന്റെ തെറ്റാണ് എന്നെല്ലാമാണ് റാണി കരുതുന്നത്. എന്നാല്‍ അതേസമയം ആദിയും റോഷനും കൂടെ കസ്‍തൂരിയെ വഴിവക്കില്‍ നിര്‍ത്തി ചോദ്യം ചെയ്യുകയാണ്. ആരാണ് റാണിയോട് നേരത്തെ സംസാരിച്ചതെന്നും, അവരെന്താണ് സംസാരിച്ചതെന്നുമെല്ലാമാണ് ചോദിക്കുന്നത്. എന്നാല്‍ കസ്‍തൂരി ഒന്നും  പറയാന്‍ കൂട്ടാക്കുന്നില്ല. ഇതെന്റെ ജീവിതപ്രശ്‌നങ്ങളാണ്, സത്യം പറഞ്ഞില്ലെങ്കില്‍ എന്റെ ജീവിതം തകരും എന്നുമൊക്കെ കസ്‍തൂരിയോട് ആദി പറയുകയാണ്. അന്നേരം തന്നെ ഫോണ്‍ വിളിക്കുന്ന രവി ചെറിയച്ഛനോടും അങ്ങോട്ടുവരാന്‍ ആദി പറയുകയാണ്.

അതേസമയം കൗസ്‍തൂഭത്തില്‍, കുട്ടിയെ ഇല്ലാതാക്കിയ ചര്‍ച്ചകളും, ആദിയുടെ കൂടെ കസ്‍തൂരി ബൈക്കില്‍ പോകുന്നതു കണ്ടതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. രാധാമണി ആകെ തകര്‍ന്നിരിക്കുകയാണ്. തന്റെ മകള്‍ റാണി തന്നെയാണോ കുറ്റക്കാരി എന്നറിയാതെ രാധാമണിക്ക് ആരോടും സംസാരിക്കാന്‍ പോലുമാകുന്നില്ല. ആകെ ചെയ്യുന്നത് അച്ഛനെക്കണ്ട് മകള്‍ വഴിതെറ്റി എന്ന് ഇടയ്ക്കിടെ പുലമ്പുക മാത്രമാണ്. എന്നാല്‍ ശരത്തിന്റെ അനിയത്തി ശാരി രാധാമണിയേയും ശരത്തിനേയും കുറ്റം പറയുകയാണ്. നിങ്ങള്‍ രണ്ടുപേരും ഒരു സ്വസ്ഥതയും റാണിക്ക് കൊടുത്തിട്ടില്ല. അവള്‍ക്ക് നല്ല കുടുംബബന്ധത്തിന്റെ വില നഷ്‍ടമായെന്നും ശാരി കുറ്റപ്പെടുത്തുകയാണ്.

ആ സമയത്ത് അങ്ങോട്ട് വന്ന കൗസ്‍തൂഭത്തിലെ ക്യാപ്റ്റന്‍ രാധാമണിയേയും ശരത്തിനേയും നിര്‍ത്തിപ്പൊരിക്കുകയാണ്. റാണി പണ്ട് എന്തിനാണ് വിവാഹമോചനം തേടിയത് എന്നതാണ് ക്യാപ്റ്റന്റെ അന്വേഷണം. എങ്ങനെയെങ്കിലും തന്റെ മകളെ രക്ഷിക്കണം എന്നു മാത്രമാണ് രാധാമണിയുടെ ഉദ്ദേശ്യം. അതിനാല്‍ത്തന്നെ രാധാമണി ഒന്നും ക്യാപ്റ്റനോട് വിട്ടുപറയുന്നില്ല.

ചെറിയച്ഛനും ആദിയും റോഷനും കസ്‍തൂരിയെ ചോദ്യം ചെയ്യുകയാണ്. ശരണ്‍ എന്ന ആളോടുതന്നെയാണ് റാണി സംസാരിച്ചതെന്ന് കസ്‍തൂരി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ തന്റെ റാണിചേച്ചി അയാളെ സ്‌നേഹിക്കുന്നില്ലെന്നും, അതെല്ലാം ആദിയുടെ തെറ്റിദ്ധാരണയാണെന്നുമാണ് കസ്‍തൂരി പറയുന്നത്.  അതേസമയം റാണി തന്റെ വിഷമങ്ങള്‍ ആദിയുടെ അച്ഛനോടും അമ്മയോടും പറയുകയാണ്. ആര്‍ക്കും കസ്‍തൂരിയെ സംശയമില്ലെന്നും, തന്നെ അവള്‍ കൊന്നാല്‍വരെ ആരും പ്രതികരിക്കില്ലെന്നും റാണി പറയുന്നു. അതുകേട്ട് അച്ഛനമ്മമാര്‍ക്ക് സങ്കടം വരുന്നു. എന്നാല്‍ ഇതെല്ലാം ഒളിച്ചുകേള്‍ക്കുന്ന സ്വാതിക്ക് അടക്കാനാകാത്ത സന്തോഷമാണ് വരുന്നത്. എല്ലാവരും തന്നെ വെറുതെ വിട്ടെന്നുതന്നെ അവള്‍ കരുതുന്നിടത്താണ് പുതിയ ഭാഗം അവസാനിക്കുന്നത്. വരും ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്. എങ്ങനെയാണ് സത്യം പുറത്തെത്തുക എന്നതിന് യാതൊരു ഊഹങ്ങളും പരമ്പര നല്‍കുന്നില്ല. ഏതായാലും വരും ഭാഗങ്ങള്‍ കാത്തിരുന്നു കാണാം.