കരിയറിന്റെ തുടക്കത്തിൽ പൃഥ്വിരാജിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മല്ലിക സുകുമാരൻ. പൃഥ്വിയെ സിനിമകളിൽ നിന്ന് ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചതായി കേട്ടിട്ടുണ്ടെന്നും അതൊന്നും താന്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും മല്ലിക പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മല്ലിക സുകുമാരൻ. പല കാര്യങ്ങളിലും തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത ആള് കൂടിയാണ് അവർ. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അമ്മ സംഘടനയിൽ നിന്നും പൃഥ്വിരാജ് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജിനെതിരെ നീങ്ങിയത് ദിലീപ് ആണെന്ന തരത്തിൽ അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് മല്ലികയുടെ മറുപടി.
"അനന്തഭദ്രം മുതൽ ഇങ്ങോട്ട് പറയുകയാണെങ്കിൽ, ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നുവരെ ഞാനത് ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമെന്ന് തോന്നുന്നത് കൊണ്ടാണെന്ന് വേറെ ചിലരും പറഞ്ഞു. പിന്നീട് റോമിയോ എന്ന പടത്തിൽ ദിലീപിന്റെ അമ്മയായി ഞാൻ അഭിനയിച്ചിരുന്നു. എന്നോട് ഒരു പിണക്കവും കാണിച്ചില്ല. ശേഷം ഞാൻ കേൾക്കുന്നത് സംഘടകളെ രണ്ടാക്കി എല്ലാത്തിന്റെയും തലപ്പത്ത് പുള്ളി എത്തിയെന്നാണ്. പണ്ട് രാജു അമ്മയിൽ ഇരുന്ന സമയത്ത് മാപ്പ് പറയണം എന്ന് പറഞ്ഞ സമയമുണ്ടായിരുന്നു. ഖേദം എന്നല്ല മാപ്പെന്ന് പറയണമെന്ന് പറഞ്ഞ് രണ്ട് മൂന്ന് പേർ പറഞ്ഞു. അന്ന് മുദ്രാവാക്യം വിളിച്ചവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. ഗണേഷ്, സിദ്ധിഖ്, ദിലീപ് എന്നിവരായിരുന്നു അത്. ഖേദം അല്ല മാപ്പ് പറയണമെന്ന് അവർ പറഞ്ഞു. പക്ഷേ എനിക്ക് ആരോടും വിരോധമില്ല", എന്ന് മല്ലി സുകുമാരൻ പറഞ്ഞു.
"ഇവനോട് എന്തിന് ഇത്ര വലിയ ദേഷ്യം. തുടങ്ങിയതല്ലേ ഉള്ളൂവെന്ന് ഞാൻ അന്ന് ചിന്തിച്ചു. സുകുവേട്ടനെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയത് പോലെ പൃഥ്വിരാജിനോടും ചെയ്യുമോന്ന് ഞാൻ ആശങ്കപ്പെട്ടു. എന്റെ മക്കളെ ഇതൊന്നും ബാധിക്കില്ല. അവരെ പറഞ്ഞാൽ അവർ തന്നെ മറുപടി കൊടുക്കും", എന്നും മല്ലിക കൂട്ടിച്ചേർത്തു. ഗാലറി വിഷൻ മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അവരുടെ പ്രതികരണം.



