Asianet News MalayalamAsianet News Malayalam

Neelavelicham Movie : പൃഥ്വിരാജും ചാക്കോച്ചനുമില്ല; ആഷിക്കിന്‍റെ 'നീലവെളിച്ച'ത്തില്‍ ടൊവീനോയും റോഷനും

'നാരദനാ'ണ് ടൊവീനോയും ആഷിക്കും അവസാനമായി ഒന്നിച്ച ചിത്രം

neelavelicham movie tovino thomas replaced prithviraj sukumaran aashiq abu
Author
Thiruvananthapuram, First Published Mar 16, 2022, 9:37 PM IST

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം (Neelavelicham) എന്ന പ്രശസ്ത ചെറുകഥയെ ആസ്‍പദമാക്കി ആഷിക് അബു (Aashiq Abu) സിനിമ പ്രഖ്യാപിച്ചത് ഒരു വര്‍ഷം മുന്‍പാണ്. നീലവെളിച്ചം എന്ന പേരില്‍ത്തന്നെ പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടത് 2021 ജനുവരിയില്‍ ആയിരുന്നു. പൃഥ്വിരാജ് (Prithviraj), കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു മുഖ്യ താരങ്ങള്‍. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മറ്റു പല ചിത്രങ്ങളുടെയും ഷെഡ്യൂളുകള്‍ നീണ്ടതോടെ പൃഥ്വിരാജും ചാക്കോച്ചനും ചിത്രത്തില്‍ സഹകരിക്കാനാവില്ലെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ആഷിക് അറിയിച്ചിരുന്നു. ടൊവീനോയും (Tovino Thomas) ആസിഫ് അലിയുമാവും പകരം എത്തുകയെന്നും ആഷിക് പറഞ്ഞിരുന്നു. എന്നാല്‍ ആസിഫ് അലിയും ചിത്രത്തില്‍ ഉണ്ടാവില്ലെന്നാണ് പുതിയ വിവരം. 

സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ പുതിയ പോസ്റ്ററിലാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന മുഖ്യതാരങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൊവീനോയ്ക്കൊപ്പം റോഷന്‍ മാത്യൂസും ഷൈന്‍ ടോം ചാക്കോയുമാണ് പുതുതായി എത്തിയിരിക്കുന്നത്. റിമ കല്ലിങ്കല്‍ ചിത്രത്തില്‍ ഉണ്ടാവും. ഗിരീഷ് ഗംഗാധരനാവും ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഷൈജു ഖാലിദിനെയാണ് ക്യാമറാമാനായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

അഞ്ച് വർഷത്തിന് ശേഷം ഭാവനയുടെ തിരിച്ചുവരവ്; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' വരുന്നു

ബഷീറിന്‍റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലവും 1960കള്‍ ആയിരിക്കും. കഥയെ അധികരിച്ചുള്ളതായിരിക്കുമ്പോള്‍ത്തന്നെ അത് സംവിധായകന്‍റെ വെര്‍ഷനും ആയിരിക്കും. ടൊവീനോയും ആഷിക്കും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇത്. മായാനദി, വൈറസ്, നാരദന്‍ എന്നിവയായിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ മൂന്ന് ചിത്രങ്ങള്‍.

അതേസമയം 'നീലവെളിച്ചം' നേരത്തേ സിനിമയായിട്ടുണ്ട്. 'ഭാര്‍ഗ്ഗവീനിലയം' എന്ന പേരില്‍ എ വിന്‍സെന്‍റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ പുറത്തെത്തിയ ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഏകാന്തതയുടെ അപാരതീരം' എന്നുതുടങ്ങുന്ന പ്രശസ്തഗാനം ഈ ചിത്രത്തിലേതാണ്. എം എസ് ബാബുരാജിന്‍റേതായിരുന്നു സംഗീതം. ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നു. 'പ്രേതബാധ'യുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. 

അതേസമയം ഇപ്പോള്‍ തിയറ്ററുകളിലുള്ള നാരദനില്‍ ചന്ദ്രപ്രകാശ് എന്ന ടെലിവിഷന്‍ ജേണലിസ്റ്റിനെയാണ് ടൊവീനോ അവതരിപ്പിച്ചത്. ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Follow Us:
Download App:
  • android
  • ios