Asianet News MalayalamAsianet News Malayalam

'ആനപ്രശ്നം വർഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവർ വണ്ടിവിട്ടോ, ഇത് കേരളമാണ്': പ്രതികരണവുമായി നീരജ് മാധവ്

സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നടക്കുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടന്‍ നീരജ് മാധവ്. 

neeraj madhav Against  communal campaign in which the elephant killed
Author
Kerala, First Published Jun 4, 2020, 1:04 PM IST

സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നടക്കുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടന്‍ നീരജ് മാധവ്. 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാൻ ഞങ്ങൾക്കു മടിയില്ല പക്ഷെ അതിനെ വെളിയിന്ന് ചിലർ മുതലെടുക്കാൻ നോക്കിയാൽ ഞങ്ങൾ നോക്കി നിക്കില്ല' - എന്നായിരുന്നു നീരജ് ഫേസ്ബുക്കില്‍ കുറിച്ചത്. 

നേരത്തെ മലപ്പുറം ജില്ലയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച മനേക ഗാന്ധിക്കെതിരെ നടി പാര്‍വ്വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. നടന്നത് കൊലപാതകമാണെന്നും ഇത്തരം സംഭവങ്ങൾക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറമെന്നും രാജ്യത്തെ ഏറ്റവുമധികം സംഘർഷങ്ങൾ നടക്കുന്ന ജില്ലയാണ് അതെന്നും മനേക പറഞ്ഞതിനെതിരെയായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.

മൃഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. അത് ക്രിമിനൽ കുറ്റം തന്നെയാണ്. സംഭവത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു. ഈ പ്രശ്നം മുസ്ലിം ലക്ഷ്യമിടാനുള്ള അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യഥാര്‍ത്ഥ പ്രശ്നത്തിലേക്ക് വരൂവെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.

ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്ക്കളെയും കൂട്ടക്കൊല ചെയ്തവരാണ് മലപ്പുറത്തുള്ളവരെന്നും മനേക പറഞ്ഞിരുന്നു. നടപടിയെടുക്കാന്‍ കേരള സർക്കാർ തയ്യാറാകാത്തത് ഭയം കൊണ്ടാകും. മൂന്നു ദിവസത്തിലൊരിക്കൽ എന്ന കണക്കിന് കേരളത്തിൽ ആനകൾ കൊല്ലപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ 20,000ൽ താഴെ ആനകൾ മാത്രമേ ഉള്ളൂവെന്നും മനേക പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios