നീരജ് പാണ്ഡെയും അജയ് ദേവ്‍ഗണും ഇതാദ്യമായിട്ടാണ് ഒന്നിക്കുന്നത്.

'എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി' ഉള്‍പ്പടെയുള്ള സിനിമകളിലുടെ ശ്രദ്ധേയനായ സംവിധായകനാണ് നീരജ് പാണ്ഡേ. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകൻ അജയ് ദേവ്‍ഗണാണ്. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2023 ജൂണ്‍ 16ന് ചിത്രം തിയറ്ററുകളിലെത്തും എന്നും അജയ് ദേവ്‍ഗണ്‍ അറിയിച്ചിട്ടുണ്ട്.

ആയുഷ്‍മാൻ ഖുറാനെയും ചിത്രത്തില്‍ ഉണ്ടാകുമെന്ന് ചില സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുപം ഖേറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിലെ മറ്റ് അഭിനതേക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതാദ്യമായിട്ടാണ് അജയ് ദേവ്‍ഗണും നീരജും ഒന്നിക്കാനൊരുങ്ങുന്നത്.

അജയ് ദേവ്‍ഗണിന്റേതായി ഇനി ആദ്യം റിലീസ് ചെയ്യുക 'താങ്ക് ഗോഡ്' എന്ന ചിത്രമാണ്. ഇന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബര്‍ 25ന് ആണ് ചിത്രത്തിന്റെ റിലീസ്.

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'മൈദാൻ' 2023 ഫെബ്രുവരി 17ന് ആണ് റിലീസ് ചെയ്യുക. അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തുഷാര്‍ കാന്തി റായ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക. ഇന്ത്യൻ ഫുട്‍ബോളിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ ആയിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 1951ലും 1992ലും ഇന്ത്യയെ ഏഷ്യൻ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ. 'റണ്‍വേ 34' ആണ് അജയ് ദേവ്‍ണിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. നായകനായ അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തതും. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തിന് ബോക്സ് ഓഫീസില്‍ വലിയ പ്രതികരണം സൃഷ്‍ടിക്കാൻ കഴിഞ്ഞിരുന്നില്ല.

Read More: 'പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ', ആശംസകളുമായി മോഹൻലാല്‍