വർഷങ്ങൾ കഴിയുന്തോറും തിളക്കമേറുന്ന ചില കഥാപാത്രങ്ങളുണ്ട്. മലയാളസിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു ‘സ്ഫടിക’ത്തിലെ ആടുതോമ. സ്ഫടികം ജോർജിന് മുന്നിലൂടെ മുണ്ടും മടക്കിക്കുത്തി റെയ്ബാൻ ഗ്ലാസുംവച്ച് പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങുന്ന ആടുതോമയുടെ രംഗം ഓർക്കുമ്പോൾ ഇപ്പോഴും കോരിതരിക്കും. ആ രം​ഗം ഒരു പെൺകുട്ടി അനുകരിച്ചാലോ?. നവാഗതനായ എആര്‍ അമല്‍ കണ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീര്‍മാതളം പൂത്തകാലം’ എന്ന സിനിമയുടെ ടീസറിൽ ആ 'ലേഡി ആടുതോമ'യെ കാണാം.  

സ്ഫടികം സിനിമയിൽ പൊലീസുകാരനായ സ്ഫടികം ജോർജിന് മുന്നിലൂടെ ആടുത്തോമയായി മോഹൻലാൽ മുണ്ടും പറിച്ച് ഇറങ്ങിപ്പോകുന്ന അതേ​രം​ഗം അനുകരിക്കുകയാണ് നീര്‍മാതളം പൂത്തകാലത്തിലെ നായിക പ്രീതി ജിനോ. നീര്‍മാതളം പൂത്തകാലത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റംകുറിക്കുന്ന പ്രീതി ​മികച്ച പെർഫോമൻസാണ് ടീസറിൽ കാഴ്ച്ചവച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടത്തിലുള്ള പ്രണയങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഒരു കൂട്ടം വിദ്യാർഥികളാണ് ചിത്രത്തിന് പിന്നിൽ. അനസ് നസീര്‍ഖാനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.  

ജെ.ആര്‍. വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, ഡോണ, അരുണ്‍ ചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏകദേശം എഴുപതോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ​ഗായകൻ സിദ്ധാര്‍ത്ഥ് മേനോന്‍ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.