Asianet News MalayalamAsianet News Malayalam

'ഒന്‍പത് ദിവസം ഭക്ഷണമില്ലാതെ അമ്മയ്‌ക്കൊപ്പം'; അഭിമുഖത്തിനിടെ കണ്ണീരണിഞ്ഞ് 'കസബ' നായിക

"ഞാന്‍ ജനിക്കുന്നതിന് മുന്‍പേ അച്ഛന്‍ മരിച്ചിരുന്നു, ഒരു കാര്‍ ആക്‌സിഡന്റില്‍. അമ്മ ഒന്നര വര്‍ഷം കോമ അവസ്ഥയില്‍ ആയിരുന്നു. ആറ് മാസവും 24 ദിവസവും ഉള്ളപ്പോഴാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ എന്നെ പുറത്തെടുത്ത് വെന്റിലേറ്ററിലേക്ക് മാറ്റിയത്."

neha saxena broke down at an interview
Author
Thiruvananthapuram, First Published Nov 11, 2019, 4:57 PM IST

തനിക്ക് കുട്ടിക്കാലത്ത് കടന്നുപോകേണ്ടിവന്ന പ്രതിസന്ധിഘട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 'കസബ' നായിക നേഹ സക്‌സേന. അച്ഛനോ സഹോദരനോ ഇല്ലാത്ത താന്‍ അമ്മയോടൊപ്പമാണ് വളര്‍ന്നതെന്നും പട്ടിണി കിടക്കേണ്ട സാഹചര്യം വരെ വന്നിരുന്നുവെന്നും നേഹ. ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് പോയ കാലത്തെ ബുദ്ധിമുട്ടുകള്‍ അവര്‍ പറയുന്നത്.

'ഞാന്‍ ജനിക്കുന്നതിന് മുന്‍പേ അച്ഛന്‍ മരിച്ചിരുന്നു, ഒരു കാര്‍ ആക്‌സിഡന്റില്‍. അമ്മ ഒന്നര വര്‍ഷം കോമ അവസ്ഥയില്‍ ആയിരുന്നു. ആറ് മാസവും 24 ദിവസവും ഉള്ളപ്പോഴാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ എന്നെ പുറത്തെടുത്ത് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കുട്ടിക്കാലത്ത് കടന്നുപോകേണ്ടിവന്ന ഒരുപാട് പ്രതിസന്ധിഘട്ടങ്ങളുണ്ട്. ഒന്‍പത് ദിവസങ്ങളില്‍ ഭക്ഷണമില്ലാതെ ഞാനും അമ്മയും വീട്ടില്‍ ഇരുന്നിട്ടുണ്ട്. അമ്മയ്ക്ക് ഒരു അപകടം നടന്ന സമയത്തായിരുന്നു അത്. വീട്ടില്‍ പണം ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. സഹായം ആരോടും ചോദിക്കരുതെന്നാണ് അമ്മ പറഞ്ഞത്. ഒന്‍പത് ദിനങ്ങള്‍ ഞങ്ങള്‍ വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചത്.'

'പക്ഷേ ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാമുണ്ട്. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുമുണ്ട്. ഒരിക്കലും ഒരു എളുപ്പവഴിയെക്കുറിച്ചോ തെറ്റായ വഴിയെക്കുറിച്ചോ ഞാന്‍ ആലോചിച്ചിരുന്നില്ല. കുട്ടിക്കാലം മുതല്‍ക്കേ സിനിമയില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. വ്യോമസേനയിലോ അല്ലെങ്കില്‍ ഒരു എയര്‍ ഹോസ്റ്റസായോ ഞാന്‍ ജോലി ചെയ്യണമെന്നായിരുന്നു എന്റെ കുടുംബത്തിലുള്ളവര്‍ക്ക്.' അമ്മയ്ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമാമോഹം ആദ്യം ഉപേക്ഷിച്ചിരുന്നുവെന്നും പക്ഷേ ഹൃദയത്തിന്റെ അടിത്തട്ടില്‍ ആ ആഗ്രഹം നിലനിന്നിരുന്നുവെന്നും നേഹ പറയുന്നു. 'എവിയേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ ചെയ്തിട്ടാണ് ഞാന്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ഒപ്പം അമ്മ അറിയാതെ മോഡലിംഗ് ചെയ്യാനും ആരംഭിച്ചു', നേഹ സക്‌സേനയുടെ വാക്കുകള്‍.

തുളു, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് 'കസബ'യില്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ നേഹ എത്തിയത്. മോഹന്‍ലാലിനൊപ്പം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴി'ലും അവര്‍ അഭിനയിച്ചു. പത്തോളം മലയാള സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios