സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്
രജനികാന്തിന്‍റെ താരപരിവേഷം സമീപ വര്‍ഷങ്ങളില്‍ ഏറ്റവും നന്നായി ഉപയോഗിച്ച സിനിമയായിരുന്നു 2023 ല്‍ പുറത്തെത്തിയ ജയിലര്‍. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയ ജയിലര്‍ 600 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. രജനികാന്തിനെ പുതിയ കാലത്തിന് അനുയോജ്യമായി അവതരിപ്പിച്ചതിന് പുറമെ മറുഭാഷകളിലെ പ്രമുഖ താരങ്ങളെ ഗസ്റ്റ് റോളുകളില്‍ എത്തിച്ചതു കൂടിയാണ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനത്തില്‍ വഴിത്തിരിവ് ആയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 10 ന് ആരംഭിച്ച സിനിമയില്‍ ആ അതിഥി വേഷക്കാരെയെല്ലാം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്. മലയാളികളെ സംബന്ധിച്ച് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ എന്നാണ് അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ ആ അന്വേഷണങ്ങള്‍ക്ക് കൗതുകം പകരുന്ന ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്.
മോഹന്‍ലാലിനെ കാണാന്‍ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തിന്‍റെ ലൊക്കേഷനില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ എത്തി. ഇന്നലെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ഉള്ളത് ഇല്ലെങ്കിലും സത്യന്‍ അന്തിക്കാട്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍ എന്നിവര്‍ക്കൊപ്പമുള്ള നെല്‍സന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ജയിലര്‍ ആദ്യ ഭാഗത്തില്‍ മോഹന്‍ലാലിനൊപ്പമുണ്ടായിരുന്ന കന്നഡ താരം ശിവ രാജ്‍കുമാറും ജയിലര്‍ 2 ല്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയും ചിത്രത്തില്‍ ഉണ്ടായേക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ആദ്യ ഭാഗത്തില്‍ ബാലയ്യയെ ഉള്‍പ്പെടുത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും തിരക്കഥാപരമായി അത് സാധിച്ചില്ലെന്നും നെല്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഈ അതിഥി വേഷങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകര്‍.
രു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നാണ് അറിയുന്നത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.


