കൊച്ചി: ഈ വര്‍ഷത്തെ നിയോ മാസ്റ്റര്‍ മേക്കര്‍ അവാര്‍ഡ് സംവിധായകന്‍ ജോഷിക്ക് സമ്മാനിച്ചു. ഇടപ്പള്ളി ലുലു മാളിലെ പിവിആറില്‍ നടന്ന ചടങ്ങില്‍ നിയോ ഫിലിം സ്‌കൂള്‍ ഡയറക്ടറും സംവിധായകനുമായ സിബി മലയിലാണ് അവാര്‍ഡ് കൈമാറിയത്.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി നിയോ ഇന്നോവേറ്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ നടി പാര്‍വതി തിരുവോത്ത് മുഖ്യാതിഥിയായിരുന്നു. നിയോ സ്‌കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജെയ്ന്‍ ജോസഫ്, വൈസ് ചെയര്‍മാന്‍ സംവിധായകന്‍ ലിയോ തദേവൂസ് എന്നിവര്‍ പ്രസംഗിച്ചു.

സിനിമാ രംഗത്ത് ശ്രദ്ധേയസാന്നിധ്യമറിയിച്ച നിയോ ഫിലിം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് നിയോ അച്ചീവ്‌മെന്റ് അവാര്‍ഡുകളും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഫിലിം സ്‌കൂളിലെ പുതിയ ബാച്ചിന്റെ വിദ്യാരംഭചടങ്ങും നടന്നു. സിനിമാമേഖലയിലെ പ്രമുഖരുള്‍പ്പടെ നൂറുകണക്കിനു പേര്‍ ചടങ്ങില്‍ പങ്കെടുത്തു.