ക്രിസ്ത്യൻ മേഖലകളിൽ തിയേറ്ററുകൾ കിട്ടുന്നില്ല എന്നും  ചിലബാഹ്യ ശക്തികൾ ഇടപെട്ട് തിയേറ്ററുക്കാരെ സ്വാധീനിച്ച് തീയറ്റർ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് സംവിധായകന്‍ ആരോപിച്ചു.

കൊച്ചി: ബാബു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്‍ച്ചപ്പെട്ടി. കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്‍റെ ട്രെയിലറും ഗാനവും സോഷ്യല്‍ മീഡിയയില്‍ വിവാദമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിനെതിരെ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുകയാണ് എന്ന ആരോപണമാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്‍റെ റിലീസ് രണ്ട് തവണ മാറ്റിവയ്ക്കേണ്ടി വന്നു. തീയറ്റര്‍ നല്‍കാതെ ചിത്രത്തെ വിലക്കാനാണ് നീക്കം എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ബാബു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. 

ക്രൈസ്തവ സഭക്കെതിരെയാണ് ഈ ചിത്രം എന്നതരത്തില്‍ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ചിത്രത്തിനെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരണം നടത്തുന്നുണ്ട്. ജൂലൈ 14ന് റിലീസ് നടത്താനാണ് ഉദ്ദേശിച്ചത്. എന്നാല്‍ തീയറ്റര്‍ കിട്ടിയില്ല. ജൂലൈ 28നും ഇതേ അനുഭവമുണ്ടായി. ഇതോടെയാണ് പിന്നില്‍ വലിയ കളികള്‍ നടക്കുന്നതായി മനസിലായത്. 

ക്രിസ്ത്യൻ മേഖലകളിൽ തിയേറ്ററുകൾ കിട്ടുന്നില്ല എന്നും ചിലബാഹ്യ ശക്തികൾ ഇടപെട്ട് തിയേറ്ററുക്കാരെ സ്വാധീനിച്ച് തീയറ്റർ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് സംവിധായകന്‍ ആരോപിച്ചു.തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ചിലര്‍ ചിത്രത്തിനെതിരെ ഇറക്കിയിട്ടുള്ള സോഷ്യൽ മീഡിയ കുറിപ്പുകൾ ഇറക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. വിശ്വാസികളോട് ചിത്രത്തിനെതിരെ പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്യുന്ന രീതിയിലാണ് സോഷ്യൽ മീഡിയ കുറിപ്പ്. വിവിധ മേഖലകളിലുള്ള പ്രചരണ ബോർഡുകൾ വ്യാപകമായി തകർക്കപ്പെട്ടിട്ടുണ്ട്. 

ചിത്രം റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്നും ചിത്രത്തിനെതിരെ വ്യാപകമായ രീതിയിൽ പരാതികൾ പോകാൻ തയ്യാറെടുക്കുകയാണെന്നും ചില വിശ്വസ്ത ഇടങ്ങളിൽ നിന്നും അറിവ് കിട്ടിയിട്ടുണ്ടന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് അനിശ്ചിതാവസ്ഥയിലാണ്. ഇത് പരിഹരിക്കാന്‍ ചില സിനിമ സംഘടനകളെ സമീപിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ചില തിന്‍മകള്‍ക്കെതിരെ ചിത്രത്തില്‍ ശബ്ദം ഉയര്‍ത്തുന്നുണ്ട്. അല്ലാതെ വിശ്വാസികള്‍ക്കെതിരെയോ, ക്രൈസ്തവ സഭയ്ക്കെതിരായോ അല്ല ചിത്രം പറയുന്നത് എന്ന് സംവിധായകന്‍ ബാബു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

'ആരാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് അറിയില്ല': നാടകീയമായി ആരോപണങ്ങള്‍ പിന്‍വലിച്ച് ബെല്ലിയും ബൊമ്മനും

അത് ന്യൂഡ് ഫോട്ടോഷൂട്ടല്ലെന്ന് പലരും മനസിലാക്കിയത് പിന്നീട്; വെളിപ്പെടുത്തി ശ്രുതി രജനികാന്ത്