കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള സിനിമകളിലൊന്നാണ് അജിത്ത് കുമാര്‍ നായകനാവുന്ന 'നേര്‍കൊണ്ട പാര്‍വൈ'. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ടിന് ചിത്രം ലോകമാകമാനമുള്ള തീയേറ്ററുകളിലെത്തും.

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആക്ഷന് പ്രാധാന്യമുണ്ടായിരുന്ന കഴിഞ്ഞ കുറേ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രകടനത്തിനും പ്രാധാന്യമുള്ള വേഷമാണ് അജിത്തിന്റേതെന്നാണ് ട്രെയ്‌ലര്‍ നല്‍കിയ ഉറപ്പ്. 

ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ഛായാഗ്രഹണം നീരവ് ഷാ. സംഗീതം യുവാന്‍ ശങ്കര്‍ രാജ. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.