ജൂണ്‍ 5 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം

വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ പല ചിത്രങ്ങളും സമീപകാലത്ത് വലിയ പരാജയങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ പല ചിത്രങ്ങളും തമിഴില്‍ നിന്നാണ്. ആ നിരയില്‍ പെട്ട ചിത്രമാണ് മണി രത്നം- കമല്‍ ഹാസന്‍ ടീം വീണ്ടും ഒന്നിച്ച തഗ് ലൈഫ്. ഇരുവരും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രം സൃഷ്ടിച്ച ഹൈപ്പിന് കാരണം. ജൂണ്‍ 5 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന് ഇതുവരെ 100 കോടി കടക്കാന്‍ സാധിച്ചിട്ടില്ല. ബോക്സ് ഓഫീസിലെ മോശം പ്രതികരണത്തിന് പിന്നാലെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ മറ്റൊരു പ്രതിസന്ധി കൂടി നേരിടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Add Asianetnews as a Preferred SourcegooglePreferred

നെറ്റ്ഫ്ലിക്സിനായിരുന്നു ചിത്രത്തിന്‍റെ ഒടിടി കരാര്‍. 130 കോടിയുടെ കരാര്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളുമായി നെറ്റ്ഫ്ലിക്സ് റിലീസിന് മുന്‍പ് ഉണ്ടാക്കിയത്. എന്നാല്‍ ചിത്രത്തിന് ജനപ്രീതി നേടാന്‍ സാധിക്കാതെ പോയതോടെ ആദ്യം നിശ്ചയിച്ച തുകയില്‍ നിന്ന് 20- 25 ശതമാനം കുറവ് നല്‍കണമെന്ന് നെറ്റ്ഫ്ലിക്സ് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടി റിലീസ് മുന്‍നിശ്ചയിച്ചതിലും നേരത്തെ നടത്താനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. തിയറ്റര്‍ റിലീസില്‍ നിന്ന് എട്ട് ആഴ്ചകള്‍ നീളുന്നതായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന ഒടിടി വിന്‍ഡോ. അത് നാലിലേക്ക് എത്തിക്കാനാണ് ഒടിടി പ്ലാറ്റ്‍ഫോമിന്‍റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എ ആര്‍ റഹ്‍മാനൊപ്പം മണിരത്നത്തിന്‍റെ മറ്റൊരു പതിവ് സഹപ്രവർത്തകനായ എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിച്ചിരുന്നു. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News