ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 24ന്

'ടുഡും' (Tudum) എന്നു പേരിട്ട വെര്‍ച്വല്‍ ഫാന്‍ ഇവെന്‍റില്‍ മറ്റു സിനിമകള്‍ക്കും സിരീസുകള്‍ക്കുമൊപ്പം മലയാളചിത്രം 'മിന്നല്‍ മുരളി'യും (Minnal Muari) അവതരിപ്പിച്ച് നെറ്റ്ഫ്ളിക്സ് (Netflix). ചിത്രത്തിലെ ചില രംഗങ്ങള്‍ക്കൊപ്പം സംവിധായകന്‍ ബേസില്‍ ജോസഫിനും (Basil Joseph) നായകന്‍ ടൊവീനോ തോമസിനും (Tovino Thomas) പറയാനുള്ള ചില കാര്യങ്ങളും നെറ്റ്ഫ്ളിക്സ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

ബേസില്‍ തന്നോട് ആദ്യം കഥ പറയുന്ന സമയത്ത് ഇത് ഇത്ര വലിയൊരു സിനിമ ആയിരുന്നില്ലെന്ന് ടൊവീനോ പറഞ്ഞു- "എന്‍റെയടുത്ത് ആദ്യം കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക് കഥാപാത്രമായിട്ടാണ് മിന്നല്‍ മുരളി ഇരുന്നിരുന്നതെങ്കില്‍ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്ക് അത് വലിയൊരു സിനിമയായി. ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്ക്രിപ്റ്റ് മലയാളത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി. ബേസില്‍ എന്നോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. ഈ സിനിമ തീരുമ്പോഴേക്ക് നിങ്ങളെന്നെ ഒരേസമയം വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന്. സിനിമ എങ്ങനെയായോ അതിനായുള്ള സ്നേഹം, ജോലിഭാരം ഓര്‍ത്തുള്ള വെറുപ്പ്..", ടൊവീനോ പറഞ്ഞു.

2018 സെപ്റ്റംബറിലാണ് ചിത്രത്തിന്‍റെ ആശയം മനസിലേക്ക് വരുന്നതെന്ന് ബേസില്‍ ജോസഫ് പറഞ്ഞു- "സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ ആ ജോണറിന്‍റേതായി പ്രശ്‍നങ്ങള്‍ ഉണ്ട്. മലയാളത്തില്‍ അത് ചെയ്യുന്നതിനും പ്രശ്‍നങ്ങളുണ്ട്. പക്ഷേ നമുക്ക് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നുന്ന സിനിമ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്‍റ് ഉള്ളത്. അപ്പോഴേ വെല്ലുവിളികളൊക്കെ കൗതുകകരമായി വരൂ. മിന്നല്‍ മുരളിയിലെ മിക്കവാറും എല്ലാ സീനിലും ഒരു സൂപ്പര്‍ഹീറോ എലമെന്‍റ് ഉണ്ട്. കുറച്ചുകൂടി പ്രാഥമികമായ മനുഷ്യ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമയാണ്. സൂപ്പര്‍ ഹീറോയിസം അതില്‍ വരുന്ന ഒരു എക്സ് ഫാക്റ്റര്‍ മാത്രമാണ്", ബേസില്‍ പറഞ്ഞു.

സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ് ആണ്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തും.

YouTube video player