കൊവിഡ് 19 സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല സിനിമാ മേഖല. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മലയാളത്തിലടക്കം കഴിഞ്ഞ രണ്ട് മാസത്തിലേറെയായി പുതിയ റിലീസുകള്‍ ഇല്ല. ഇപ്പോഴിതാ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചുകൊണ്ട് തങ്ങളുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ് ഒരുസംഘം ചലച്ചിത്ര പ്രവര്‍ത്തകര്‍. നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ പേര് ലോല എന്നാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തെത്തി. 

ഒരു  നർത്തകിയുടെ  ജീവിതത്തിൽ ലോക്ക് ഡൗണ്‍ കാലത്തു നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. നായികയെ വൈകാതെ പ്രഖ്യാപിക്കും. ഓഡിഷനിലൂടെയാവും മറ്റ് അഭിനേതാക്കളെ തെരഞ്ഞെടുക്കുക. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതുപ്പുരയ്ക്കല്‍ ഫിലിംസിന്‍റെ ബാനറില്‍ എസ് ശശിധരന്‍ പിള്ളയാണ് നിര്‍മ്മാണം. ലോക്  ഡൗൺ ഇളവുകളിൽ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുൻകരുതലുകളും  ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും പൂർണമായി അനുസരിച്ചായിരിക്കും ചിത്രീകരണം നടത്തുകയെന്ന്  അണിയറ പ്രവർത്തകർ അറിയിച്ചു.

കവി രാജൻ കൈലാസ് എഴുതുന്ന വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം നിർവഹിക്കും. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ.  എഡിറ്റിംഗ് റഷിൻ അഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ  വിശാഖ് ആർ വാര്യർ. സൗണ്ട് ഡിസൈൻ നിവേദ്  മോഹൻദാസ്. പിആർഒ എ എസ് ദിനേശ്. ഡിസൈൻ സജേഷ് പാലായി ഡിസൈന്‍.