കൊച്ചി: 'പുര നിറഞ്ഞ് നില്‍ക്കുന്ന ആണുങ്ങള്‍' അധികം കേട്ടുപഴകാത്ത പ്രയോഗമാണ്. ആ പ്രയോഗത്തെ ചിരിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് പെണ്ണന്വേഷണം എന്ന ചിത്രത്തിന്‍റെ ടീസര്‍.   പെണ്ണന്വേഷണത്തിന്‍റെ വ്യത്യസ്തമായ കഥ പറയുന്ന ചിത്രത്തിന്‍റെ പുതുമകളേറെയുള്ള ടീസര്‍ വൈറലാവുകയാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി പൂര്‍ണമായും 360 ഡിഗ്രി ഷോട്‍സില്‍ ചിത്രീകരിച്ചിരിക്കുന്ന ടീസറില്‍ പരസ്യവാചകങ്ങളാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് പരിചിതമായ പരസ്യ വാചകങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയാണ് 40 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസര്‍.

കോഴിക്കോടിന്‍റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം പെണ്ണന്വേഷിച്ച് നടക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്.  9090 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സൈനൂല്‍ ആബിദ് നിര്‍മ്മിക്കുന്ന സിനിമ പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ നവാഗതന്‍ ആധിന്‍ ഉള്ളൂരാണ് സംവിധാനം ചെയ്യുന്നത്. ഗോകുല്‍ ദാസിന്‍റേതാണ് കഥ. ഛായാഗ്രാഹണം സജാദ് കാക്കുവും എഡിറ്റിംഗ് അരുണ്‍ കെ കുമാറും നിര്‍വ്വഹിക്കുന്നു. എറിക് ജോണ്‍സണാണ് സംഗീതസംവിധായകന്‍.ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു.