വിവിധ ഭാഷകളിലായി ഈ വാരം തീയേറ്ററുകളിലെത്തുക ഒന്‍പത് സിനിമകള്‍. മലയാളത്തില്‍ വന്‍ റിലീസുകള്‍ ഒഴിഞ്ഞുനില്‍ക്കുകയാണെങ്കിലും ആറ് ചിത്രങ്ങള്‍ എത്തുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന സന്തോഷ് നായര്‍ ചിത്രം 'സച്ചിന്‍', ജോണ്‍ മന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന 'ജനമൈത്രി', പി എഫ് മാത്യൂസിന്റെ കഥയ്ക്ക് രാജേഷ് ജയരാമന്‍ തിരക്കഥയൊരുക്കി ബി മധുസൂദനന്‍ നായര്‍ സംവിധാനം ചെയ്യുന്ന 'എ ഫോര്‍ ആപ്പിള്‍', പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന 'ചിലപ്പോള്‍ പെണ്‍കുട്ടി', അര്‍ജുന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'ഷിബു' എന്നിവയാണ് മലയാളത്തിലെ ഈയാഴ്ചത്തെ റിലീസുകള്‍.

'സച്ചിനി'ല്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നേരത്തേ ഫഹദിനെ നായകനാക്കി 'മണി രത്‌നം' ഒരുക്കിയ സന്തോഷ് നായരുടെ രണ്ടാമത്തെ ചിത്രമാണ് 'സച്ചിന്‍'. നേരത്തേ മിഥുന്‍ മാനുവല്‍ തോമസിന്റെ 'ആന്‍മരിയ കലിപ്പിലാണ്', 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' എന്നീ ചിത്രങ്ങളുടെ സഹരചയിതാവും 'അലമാര'യുടെ രചയിതാവുമാണ് ജോണ്‍ മന്ത്രിക്കല്‍. ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജനമൈത്രി'. ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു, സൈജു കുറുപ്പ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'32-ാം അധ്യായം, 23-ാം വാക്യം' എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷിബു'. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശനി'ല്‍ ഫഹദിന്റെ നായികയായി അഭിനയിച്ച അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് നായകന്‍.

മലയാളത്തില്‍ ചെറുചിത്രങ്ങള്‍ എത്തുമ്പോള്‍ തമിഴില്‍ രണ്ട് വന്‍ റിലീസുകളാണ് ഈ വാരം തീയേറ്ററുകളില്‍ എത്തുന്നത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിച്ച്, വിക്രം നായകനാവുന്ന 'കടാരം കൊണ്ടാനും' അമല പോളിനെ നായികയാക്കി രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന 'ആടൈ'യും.

 

സമീപകാല തമിഴ് സിനിമയില്‍ വലിയ കാത്തിരിപ്പുണ്ടാക്കിയ സിനിമയാണ് 'ആടൈ'. ഫസ്റ്റ് ലുക്കും ട്രെയ്‌ലറുമൊക്കെ കാണികളില്‍ ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു. അമല പോളിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതിലെ 'കാമിനി' എന്നാണ് കരുതപ്പെടുന്നത്. 

അതേസമയം കമല്‍ഹാസന്‍ നായകനായ 'തൂങ്കാവനം' സംവിധാനം ചെയ്ത രാജേഷ് എം സെല്‍വയാണ് 'കടാരം കൊണ്ടാന്‍' ഒരുക്കിയിരിക്കുന്നത്. കമലിന്റെ അസോസിയേറ്റ് ആയിരുന്നു നേരത്തേ രാജേഷ്. മലേഷ്യന്‍ അധഓലോകം പശ്ചാത്തലമാക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. മലേഷ്യന്‍ പൊലീസിലെ ഉദ്യോഗസ്ഥനാണ് വിക്രം അവതരിപ്പിക്കുന്ന നായക കഥാപാത്രം എന്നാണ് അറിവ്. ഹോളിവുഡില്‍ നിന്ന് 'ദി ലയണ്‍ കിംഗും' ഈയാഴ്ചത്തെ പ്രധാന റിലീസുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.