ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന വെബ് സിരീസുകളിലെ ഉള്ളടക്കത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ആര്‍എസ്എസ് തങ്ങളെ സമീപിച്ചുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള സ്ട്രീമിംഗ് സര്‍വ്വീസുകളിലെ 'ദേശവിരുദ്ധ'വും 'ഹിന്ദുവിരുദ്ധ'വുമായ ഉള്ളടക്കത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആര്‍എസ്എസ് നേതാക്കള്‍ നിരവധി തവണ നെറ്റ്ഫ്‌ളിക്‌സുമായും ആമസോണ്‍ പ്രൈമുമായും ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു വാര്‍ത്ത. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം മേധാവികളുമായുള്ള ആര്‍എസ്എസ് നേതാക്കളുടെ ചര്‍ച്ചയെക്കുറിച്ച് ഇക്കണോമിക് ടൈംസ് ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ തങ്ങളെ ആര്‍എസ്എസ് സമീപിച്ചിട്ടില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് ഇന്റര്‍നാഷണല്‍ ഒറിജിനല്‍സ് (സിനിമ) ഡയറക്ടര്‍ സൃഷ്ടി ബെഹല്‍ ആര്യ പറഞ്ഞു. മുംബൈ ചലച്ചിത്രോത്സവ വേദിയിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ആമസോണ്‍ ഇന്ത്യ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിതും വേദിയില്‍ ഉണ്ടായിരുന്നു.

 

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം മേധാവികളുമായി ദില്ലിയിലും മുംബൈയിലുമായി ആറോളം കൂടിക്കാഴ്ചകള്‍ ആര്‍എസ്എസ് നേതാക്കള്‍ നടത്തിയെന്നായിരുന്നു ഇക്കണോമിക് ടൈംസിന്റെ വാര്‍ത്ത. കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായതും ഹിന്ദു ചിഹ്നങ്ങളെയും ഇന്ത്യന്‍ സൈന്യത്തെയും അപമാനിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഈ ചര്‍ച്ചകളിലൂടെ ആര്‍എസ്എസ് ലക്ഷ്യമാക്കുന്നതെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള യോഗങ്ങളൊന്നും നടന്നിട്ടില്ലെന്ന് സൃഷ്ടി ബെഹല്‍ പറയുന്നു.

നിയമവ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടുതന്നെ  ഇന്ത്യയില്‍ തങ്ങള്‍ തുടരുമെന്നും നെറ്റ്ഫ്‌ളിക്‌സ് ഇന്റര്‍നാഷണല്‍ ഒറിജിനല്‍സ് ഡയറക്ടര്‍ പറയുന്നു. 'പക്ഷേ കഥപറച്ചില്‍ പോലെ ആത്മനിഷ്ഠമായ ഒന്നല്ല നിയമവ്യവസ്ഥ. നിയമം എന്നാല്‍ നിയമമായിരിക്കണം. അല്ലാതെ എനിക്ക് നിങ്ങളെ ഇഷ്ടമല്ലാത്തതുകൊണ്ട് ഞാന്‍ നിങ്ങളെ കുത്തിക്കൊല്ലാന്‍ പോകുന്നു എന്ന തരത്തില്‍ ആവരുത്. നിയമപരമായി അനുവദനീയമായ വഴികളെല്ലാം ഞങ്ങള്‍ ഉപയോഗിക്കും. അതിനപ്പുറത്തുള്ളതെല്ലാം കഥകളും അതിന്റെ സൃഷ്ടാക്കളുമായും ബന്ധപ്പെട്ടിരിക്കുന്നവയാണ്', സൃഷ്ടി ബെഹല്‍ പറയുന്നു.

 

നെറ്റ്ഫ്‌ളിക്‌സിന്റെ സിരീസുകളായ സേക്രഡ് ഗെയിംസ്, ഘൗള്‍, ലെയ്‌ല എന്നിവ വലതുപക്ഷ തീവ്രവാദത്തെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഈ സിരീസുകള്‍ ഇന്ത്യയെ മതതീവ്രവാദികള്‍ ഭരിക്കുന്ന രാജ്യമായി ചിത്രീകരിക്കുന്നുവെന്ന അഭിപ്രായവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇവ ഉള്‍പ്പെടെയുള്ള സിരീസുകളിലെ 'രാജ്യവിരുദ്ധത'യെക്കുറിച്ച് നിരവധി പരാതികള്‍ ഏതാനും മാസങ്ങളായി കോടതികളിലും എത്തിയിരുന്നു. വെബ് സിരീസുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചനകള്‍ നടത്തുന്നതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.