അഖിലയുടെ ഗുരുവാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്

നടി നിഖില വിമലിന്‍റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അവന്തിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അഖിലയുടെ സന്യാസ ദീക്ഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത് അവരുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ്. 

"ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എൻ്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിൻ്റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം", എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ പോസ്റ്റ്.

കുറിപ്പിനൊപ്പം ഇദ്ദേഹം പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ച് ഇരിക്കുന്ന അഖിലയെയും കാണാം. കലാമണ്ഡലം വിമലാദേവിയുടെയും എം ആര്‍ പവിത്രന്‍റെയും മക്കളാണ് അഖിലയും നിഖിലയും. രണ്ട് പേരും ചെറു പ്രായത്തില്‍ത്തന്നെ നൃത്തം അഭ്യസിച്ചിട്ടുണ്ട്. നിഖില സിനിമയുടെ വഴി തെരഞ്ഞെടുത്തപ്പോള്‍ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ തിയറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖിലയുടെ ഉപരിപഠനം യുഎസില്‍ ആയിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില. ആധ്യാത്മിക പാതയോടുള്ള ആഭിമുഖ്യം പലപ്പോഴും അഖിലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ദൃശ്യമായിരുന്നു.

ALSO READ : പ്രേക്ഷകരുടെ അഭിപ്രായം; ദൈര്‍ഘ്യം കുറച്ച് 'അം അഃ' പ്രദര്‍ശനം തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം