നടി ഖുശ്ബുവിന്റെ ശരീരഭാരം കുറച്ചുള്ള പുതിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍. ആരാധകര്‍ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ, ഒൻപത് മാസം കൊണ്ട് 20 കിലോ കുറച്ചതാണെന്ന് ഖുശ്ബു മുൻപ് വ്യക്തമാക്കിയിരുന്നു.
ശരീരം എപ്പോഴും ഫിറ്റായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രത്യേകിച്ച് അഭിനേതാക്കൾ. അതിനായി ജിമ്മിൽ പോകുന്ന, വർക്കൗട്ട് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തങ്ങൾക്കുണ്ടായ മേക്കോവർ മാറ്റങ്ങൾ സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു നടിയുടെ ഫോട്ടോയാണ് ഇപ്പോള് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
നടി ഖുശ്ബു സുന്ദറിന്റേതാണ് ഫോട്ടോകൾ. മെലിഞ്ഞ് സ്ലിം ബ്യൂട്ടിയായി പോസ് ചെയ്യുന്ന ഖുശ്ബുവിനെയാണ് ഫോട്ടോകളിൽ കാണാനാവുക. 'ഉള്ളിൽ നിന്ന് വരുന്നതാണ് സൗന്ദര്യം', എന്ന കുറിപ്പോടെ താരം തന്നെയാണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഇതാണോ 55 കാരിയായ ഖുശ്ബു എന്നാണ് പലരും അത്ഭുതത്തോടെ ചോദിക്കുന്നത്. പല ഫോട്ടോകളിലും ഒറ്റനോട്ടത്തിൽ ഖുശ്ബു ആണെന്ന് മനസിലാകാത്തതാണ് ഈ ചോദ്യങ്ങൾക്ക് കാരണം.
ഖുഷ്ബുവിന്റെ മേക്കോവറിനെ ഒരു വിഭാഗം പ്രശംസിക്കുമ്പോൾ പരാതികളുമായി ആരാധകരും രംഗത്തെത്തുണ്ട്. ഭയങ്കരമായി മെലിഞ്ഞ് പോയെന്നും പണ്ടത്തെ ആ പ്രസരിപ്പില്ലാതെ കാണാൻ ലുക്കില്ലെന്നും ഇവർ പറയുന്നു. എന്തിനിങ്ങനെ മാറിയെന്നും എന്തെങ്കിലും അസുഖമാണോ എന്നും അവർ ചോദിക്കുന്നുണ്ട്. അതേസമയം, 2018ൽ ഖുശ്ബു ഒരു സർജറിയ്ക്ക് വിധേയ ആയിരുന്നു. അതിന് ശേഷം വന്ന ആരോഗ്യമാറ്റമാണോ ഇതെന്ന് ചോദിക്കുന്നവരും ധാരാളമാണ്. എന്നാൽ 9 മാസം കൊണ്ട് താൻ 20 കിലോ ഭാരം കുറച്ചെന്ന് ഖുശ്ബു തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇതിനിടെ തനിക്ക് വന്നൊരു മോശം കമന്റിന് ഖുശ്ബു നല്‍കിയ മറുപടി ശ്രദ്ധനേടിയിരുന്നു. 'ഇത് മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ്. ഇക്കാര്യം നിങ്ങളുടെ ഫോളോവേഴ്സും അറിയട്ടെ. അപ്പോള്‍ അവര്‍ക്കും ഇന്‍ജക്ഷന്‍ എടുക്കാമല്ലോ', എന്നായിരുന്നു കമന്റ്. 'നിങ്ങളെ പോലുള്ളവർ എന്തൊരു തലവേദനയാണ്.ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ എത്ര വൃത്തിക്കെട്ടവരാണെന്ന്. നിങ്ങളുടെ മതാപിതാക്കളോട് സഹതാപം മാത്രം' എന്നായിരുന്നു താരത്തിന്‍റെ മറുപടി.



