അഭിനയം നിര്‍ത്തിയെന്നുള്ള ബോളിവുഡ് താരം സൈറ വസീമിന്റെ തീരുമാനത്തിൽ പ്രതികരണവുമായി സംവിധായകൻ നിതേഷ് തിവാരി. സൈറയുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ സിനിമയിൽ നിന്നുള്ള സൈറയുടെ പിൻമാറ്റം ബോളിവുഡിന് നഷ്ടമാണെന്നും നിതേഷ് തിവാരി പറഞ്ഞു. എല്ലാ ആശംസകളും താരത്തിന് അറിയിച്ച നിതേഷ് ഓരോരുത്തര്‍ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടിചേർത്തു.

വിശ്വാസത്തില്‍ നിന്ന് അകന്നെന്നും പറഞ്ഞാണ് സൈറ വസീം സിനിമാ അഭിനയം നിര്‍ത്തിയത്. കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ദംഗലിലെ പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറിലും മികച്ച വേഷത്തിൽ സൈറ എത്തി.

ഫര്‍ഹാന്‍ അക്തറും, പ്രിയങ്കാ ചോപ്രയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.