രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ ജോഷി സംവിധാനം ചെയ്ത് 1997ല്‍ പുറത്തെത്തിയ മെഗാ ഹിറ്റ് ചിത്രം 'ലേല'ത്തിന് ഒരു രണ്ടാംഭാഗം ഒരുങ്ങുമെന്ന വാര്‍ത്ത നേരത്തേ വന്നിരുന്നു. രണ്‍ജി പണിക്കരുടെ തന്നെ തിരക്കഥയില്‍ മകനും സംവിധായകനുമായ നിധിന്‍ ചിത്രം ഒരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 'കസബ'യ്ക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം 'ലേല'ത്തിന്റെ തുടര്‍ച്ചയാവില്ലെന്ന് അറിയുന്നു. അതേസമയം ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുക സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

രണ്ട് തലമുറകളുടെ കഥ പറയുന്ന ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രമെന്ന് നിധിന്‍ രണ്‍ജി പണിക്കര്‍ സിനിമ എക്‌സ്പ്രസിനോട് പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ല്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായെത്തിയ സയ ഡേവിഡ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

'കസബ'യുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്നെയാവും ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുക. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂറ്റി. സംഗീതം രഞ്ജിന്‍ രാജ്.

അതേസമയം അനൂപ് സത്യന്റെ അരങ്ങേറ്റ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. നാല് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കും ദുല്‍ഖറിനുമൊപ്പം ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.