തെലുങ്കില്‍ ഏറെ ആരാധകരുള്ള നായകനടനാണ് നിതിൻ. നിതിന്റെയും ശാലിനിയുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ വിവാഹം നീട്ടിവയ്‍ക്കുകയും ചെയ്‍തു. വിവാഹം എപ്പോഴായിരിക്കും നടക്കുക എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ എപ്പോഴായിരിക്കും നിതിന്റെ വിവാഹമെന്ന് വാര്‍ത്തകള്‍ വരുന്നു.

ജൂലൈ 26ന് വിവാഹം നടക്കുമെന്നാണ് വാര്‍ത്ത. ഹൈദരാബാദിലായിരിക്കും വിവാഹം. നിതിന്റെ വിവാഹ തിയതിയുടെ വാര്‍ത്ത പുറത്തുവന്നത് ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. കൊവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാകും വിവാഹം. വിവാഹ ആഘോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരിക്കും വിവാഹചടങ്ങില്‍ പങ്കെടുക്കാൻ അവസരമുണ്ടാകുക.  ഹൈദരാബാദില്‍ വിവാഹവേദി തീരുമാനിച്ചിട്ടില്ല. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം നിതിനും ശാലിനിയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് എത്തിയിരുന്നത്. എട്ട് വര്‍ഷമായി പരിചയമുള്ള ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. കുടുംബവും അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്ക് എത്തിയത്. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വൻ വിജയം സ്വന്തമാക്കിയ നടൻ ആണ് നിതിൻ.