ആ സിനിമയുടെ സെറ്റിലാണ് ഫഹദും നസ്രിയയും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. പിന്നീട് അവരെ കാണുമ്പോള്‍ നിങ്ങള്‍ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയാറുണ്ട്. ഇതൊക്കെ വിധിയാണ്- നിത്യ പറഞ്ഞു. 

ബാഗ്ലൂര്‍: ജീവിതത്തിലും സിനിമയിലും മലയാളികളുടെ ഇഷ്ട ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരും ഒന്നിച്ച് അഭിനയിച്ച അജ്ഞലി മേനോന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ബാംഗ്ലൂര്‍ ഡെയ്സ്' വന്‍ വിജയമായിരുന്നു. സിനിമയിലെ താര ജോഡികള്‍ ജീവിതത്തില്‍ ഒന്നായതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി നിത്യാ മേനോന്‍. ഫഹദും നസ്രിയയും വിവാഹം കഴിക്കാന്‍ കാരണം താനാണെന്നാണ് നിത്യ പറയുന്നത്. തന്നോട് നന്ദിയുണ്ടാവണമെന്ന് ഇരുവരോടും പറയാറുണ്ടെന്നും നിത്യ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 

'ബാംഗ്ലൂര്‍ ഡെയ്സി'ല്‍ നസ്രിയ അവതരിപ്പിച്ച നായികാ വേഷം ചെയ്യാമോയെന്ന് അജ്ഞലി മേനോന്‍ തന്നോടാണ് ആദ്യം ചോദിച്ചതെന്നും തിരക്ക് മൂലം ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നെന്നും നിത്യ പറഞ്ഞു.

'ഹഫദിന്‍റെ നായികയാകാമോയെന്ന് അജ്ഞലി മേനോന്‍ ആദ്യം എന്നോടാണ് ചോദിച്ചത്. എന്നാല്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കേണ്ടതിനാല്‍ ഓഫര്‍ നിരസിക്കുകയായിരുന്നു. അതിന് ശേഷമാണ് ആ ചിത്രത്തിലെ താരതമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അജ്ഞലി ചോദിച്ചത്. നാല് ദിവസത്തെ ചിത്രീകരണം മാത്രമേയുളളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നു. ആ സിനിമയുടെ സെറ്റിലാണ് ഫഹദും നസ്രിയയും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. പിന്നീട് അവരെ കാണുമ്പോള്‍ നിങ്ങള്‍ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയാറുണ്ട്. ഇതൊക്കെ വിധിയാണ്. നടക്കേണ്ടവ താനെ നടന്നുകൊള്ളും. നമ്മുടെ കൈയ്യിലുള്ള കാര്യങ്ങളല്ല ഇതൊന്നും' - നിത്യ കൂട്ടിച്ചേര്‍ത്തു. 

2014-ലാണ് 'ബാംഗ്ലൂര്‍ ഡെയ്സ്' പുറത്തിറങ്ങുന്നത്. മികച്ച വിജയം നേടിയ ചിത്രത്തിന് പിന്നാലെയായിരുന്നു ഫഹദ്-നസ്രിയ വിവാഹം.