മഴക്കെടുതിയിൽ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന് വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നിത്യ മേനോൻ. താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും നിത്യാ മേനോന്‍ പറഞ്ഞു. ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്.

നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷന്‍ മംഗളിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തചിത്രങ്ങള്‍ക്ക് താഴെയാണ് പലരും വിമര്‍ശനവുമായി എത്തിയത്. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന്  മുൻപ് സ്വയം എന്ത് ചെയ്‍തു എന്ന് അവനവനോട് ചോദിക്കണമെന്നും നിത്യ മേനോൻ പറഞ്ഞു. സിനിമ പ്രമോഷന്‍ എന്നത് താന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും നിത്യാ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന മിഷൻ മംഗള്‍ ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററിലെത്തും. ഐഎസ്‌ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്.