നിവിന്‍ പോളി ആദ്യമായി സ്ക്രീനിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം 'മലര്‍വാടി ആര്‍ട്‍സ് ക്ലബ്ബി'ന്‍റെ റിലീസിന് പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന ദിവസമാണ് ഇന്ന്. നിവിന്‍ പോളി പുതുതായി അഭിനയിക്കുന്ന രണ്ടാമത്തെ പ്രോജക്ടും ഈ ദിവസം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. 'ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല' എന്ന കൗതുകകരമായ ടൈറ്റിലില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റോണി മാനുവല്‍ ജോസഫ് ആണ്. പോളി ജൂനിയര്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ നിവിന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആക്ഷന്‍ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ക്കുശേഷം നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന സിനിമയാണ് ഇത്.

റോണി മാനുവല്‍ ജോസഫിനൊപ്പം അനീഷ് രാജശേഖരന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. രവി മാത്യു  നിര്‍മ്മാണ പങ്കാളിയാണ്. കഥാപാത്രങ്ങളുടെ അപ്പിയറന്‍സ് ഇല്ലാതെയാണ് പുറത്തെത്തിയിരിക്കുന്ന അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍. 

നേരത്തെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‍സ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രവും നിവിന്‍ പോളിയുടേതായി ഇന്ന് അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നു. ബിസ്‍മി സ്പെഷല്‍ എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രവും സംവിധാനം ചെയ്യുന്നത് നവാഗതനാണ്.  ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് രവിയാണ്. അതേസമയം രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രമാണ് നിവിന്‍ പോളിയുടേതായി ഇനി തീയേറ്ററുകളില്‍ എത്താനുള്ളത്.