കൊച്ചി: സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നിവിൻ പോളി. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് നിവിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. മൃഗങ്ങൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ഒട്ടും സ്വീകാര്യമല്ല!“ നിവിൻ പോളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

മെയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ വച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞത്. സ്‌ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞതിന് ശേഷമായിരുന്നു ചെരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.