കൊവിഡിനു ശേഷം നിവിന്‍ പോളിയുടെ ആദ്യ തിയറ്റര്‍ റിലീസ്

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രാജീവ് രവി (Rajeev Ravi) സംവിധാനം നിര്‍വ്വഹിച്ച ബിഗ് ബജറ്റ് പിരീസ് ഡ്രാമ ചിത്രം 'തുറമുഖ'ത്തിന്‍റെ റിലീസ് തീയതി (Thuramukham Release Date) പ്രഖ്യാപിച്ചു. ക്രിസ്‍മസ് റിലീസ് ആണ് ചിത്രം. ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തും. അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ മുന്നേറ്റം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കെ എം ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. നേരത്തെ അമല്‍ നീരദിന്‍റെ ഇയ്യോബിന്‍റെ പുസ്‍തകത്തിന്‍റെ രചനയും ഗോപന്‍ ചിദംബരത്തിന്‍റേതായിരുന്നു.

നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ബി അജിത്കുമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണ് ചിത്രം. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. 

കൊവിഡിനു ശേഷമുള്ള നിവിന്‍ പോളിയുടെ തിയറ്റര്‍ റിലീസ് കൂടിയാവും തുറമുഖം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‍ത മൂത്തോന്‍ ആണ് നിവിന്‍റെ അവസാന തിയറ്റര്‍ റിലീസ്. അതേസമയം അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കനകം കാമിനി കലഹം ഒടിടി റിലീസ് ആയി ഇന്ന് അര്‍ധരാത്രി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം.