'വാക്കുകള്‍ക്ക് അപ്പുറമുള്ള നന്ദി'; 'നിതിന്‍ മോളി'യെ സ്വീകരിച്ച പ്രേക്ഷകരോട് നിവിന്‍ പോളിക്ക് പറയാനുള്ളത്
വന്‍ താരനിര അണിനിരക്കുന്ന ചിത്രം
വിഷു റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഒന്നാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയിരിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അവരേക്കാള്‍ കൈയടി നേടിയത് നിവിന്‍ പോളി ആണ്. നിതിന്‍ മുളന്തുരുത്തി അഥവാ നിതിന്‍ മോളി ആയാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ തന്‍റെ കഥാപാത്രത്തെയും ചിത്രത്തെയും സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.
"വാക്കുകള്‍ക്ക് അപ്പുറമുള്ള നന്ദി. ഈ സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു", ചിത്രത്തിലെ തന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററിനൊപ്പം നിവിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം രണ്ടര കോടിയോളം നേടിയ ചിത്രത്തിന് രണ്ടാം ദിനവും മികച്ച ഒക്കുപ്പന്‍സിയും ബുക്കിംഗുമാണ് ലഭിക്കുന്നത് വിഷു വാരാന്ത്യത്തില്‍ ബോക്സ് ഓഫീസില്‍ ചിത്രം കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രണവ് തന്നെ നായകനായ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കുന്നത്.
ALSO READ : രണ്ടര മണിക്കൂര്‍ ഫണ്‍ റൈഡിന് ക്ഷണിച്ച് ഫഹദും പിള്ളേരും; 'ആവേശം' റിവ്യൂ