Asianet News MalayalamAsianet News Malayalam

മലയാള സിനിമയിൽ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റ്, അത് വ്യക്തികളുടെ തോന്നല്‍ മാത്രം; ടൊവീനോ തോമസ്

മനുഷ്യർ തമ്മിലുള്ള അയിത്തവും തൊട്ടുകൂടായ്മയുമെല്ലാം അധികകാലം നിലനിൽക്കില്ലെന്നും മനുഷ്യ വിവേചനമല്ല, മനുഷ്യത്വമാണ് പ്രധാനമെന്നും ടൊവീനോ പറഞ്ഞു.

no discrimination in malayalam cinema says tovino thomas
Author
Sharjah - United Arab Emirates, First Published Nov 6, 2019, 12:12 AM IST

മലയാള സിനിമയിൽ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണെന്നു യുവതാരം ടൊവീനോ തോമസ്. വ്യക്തിപരമായ തോന്നലുകളിൽ നിന്നും മനോഭാവങ്ങളിൽ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണതെന്നും ടോവിനോ പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു ടോവിനോ.

മനുഷ്യർ തമ്മിലുള്ള അയിത്തവും തൊട്ടുകൂടായ്മയുമെല്ലാം അധികകാലം നിലനിൽക്കില്ലെന്നും മനുഷ്യ വിവേചനമല്ല, മനുഷ്യത്വമാണ് പ്രധാനമെന്നും നടൻ ടൊവീനോ തോമസ് പറഞ്ഞു. ജാതിയും മതവും തിരിച്ചുള്ള വിവേചനമൊന്നും മലയാളസിനിമയിലില്ല. വ്യക്തിപരമായ തോന്നലുകളിലും മനോഭാവങ്ങളിൽ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധരണയാണത്. അപകർഷതാബോധവും അഹംഭാവവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറുമെന്നും ടോവിനോ പറഞ്ഞു.

ചെറുപ്പത്തിലേ നടനാവാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും പ്രേക്ഷകഹൃദയത്തിൽ ഇത്ര എളുപ്പം സ്ഥാനംകിട്ടിയതില്‍ അഭിമാനവും സന്തോഷവുമുണ്ട്. തീവ്രപ്രയത്നം നടത്തിയാൽ ജീവിതത്തിൽ എന്തുമാകാനാവുമെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞതായും ടൊവീനോ പറഞ്ഞു.

നല്ല സിനിമയെന്നു പറയുമ്പോള്‍ കലാമേന്മ മാത്രമല്ല സിനിമയ്ക്ക് പണം മുടക്കിയവർക്ക് മുടക്കുമുതൽ തിരിച്ചുകിട്ടുക കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ നക്ഷത്രങ്ങൾ പറയാൻ ബാക്കിവെച്ചത്, ആൻഡ് ദി ഓസ്കാർ ഗോസ് ടു, ലൂക്ക എന്നീ പുസ്തകങ്ങൾ  ടോവിനോ പ്രകാശനം ചെയ്തു.

Follow Us:
Download App:
  • android
  • ios