Asianet News MalayalamAsianet News Malayalam

'ഒരു പിതാവിനും മകള്‍ക്കെതിരായ അനീതി സഹിക്കാന്‍ കഴിയില്ല'; റിയയുടെ പിതാവ്

ഒരു തെളിവും കൂടാതെ തന്നെ ഒരു രാജ്യം മുഴുവന്‍ തന്‍റെ മകള്‍ക്കെതിരെയാണ് നിലകൊള്ളുന്നത്. നേരത്തെ ഒരു ഇടത്തരം കുടുംബത്തെ തകര്‍ത്തതിന് രാജ്യത്തിന് അഭിനന്ദനം എന്നായിരുന്നു ഇന്ദ്രജിത് ചക്രബര്‍ത്തി മകന്‍റെ അറസ്റ്റിനേക്കുറിച്ച് പറഞ്ഞത്.

no father can bear injustice against daugter says Indrajit Chakraborty
Author
Mumbai, First Published Sep 9, 2020, 5:53 PM IST

മുംബൈ: ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബർത്തിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ഇന്ദ്രജിത് ചക്രബര്‍ത്തി. താന്‍ മരിച്ചു പോവേണ്ടിയിരിക്കുന്നു. ഒരു പിതാവിനും തന്‍റെ മകള്‍ക്കെതിരായ അനീതി സഹിക്കാന്‍ കഴിയില്ലെന്നാണ്  ഇന്ദ്രജിത് ചക്രബര്‍ത്തിയുടെ പ്രതികരണം. ഒരു തെളിവും കൂടാതെ തന്നെ ഒരു രാജ്യം മുഴുവന്‍ തന്‍റെ മകള്‍ക്കെതിരെയാണ് നിലകൊള്ളുന്നതെന്നാണ് റിയയുടെ പിതാവിന്‍റെ പ്രതികരണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത റിയയെ സെപ്തംബര്‍ 22 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. നേരത്തെ ഒരു ഇടത്തരം കുടുംബത്തെ തകര്‍ത്തതിന് രാജ്യത്തിന് അഭിനന്ദനം എന്നായിരുന്നു ഇന്ദ്രജിത് ചക്രബര്‍ത്തി മകന്‍റെ അറസ്റ്റിനേക്കുറിച്ച് പറഞ്ഞത്. 

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം റിയയെ അറസ്റ്റ് ചെയ്തത്. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബർത്തി നേരത്തെ അറസ്റ്റിലായിരുന്നു. സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങി നൽകിയെന്ന് റിയ സമ്മതിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണസംഘം പറയുന്നത്. റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെ കഴിഞ്ഞയാഴ്ച ഇതേ കേസിൽ നർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ റിയ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. താൻ നേരിട്ട് ആരിൽ നിന്നും ലഹരിമരുന്ന് വാങ്ങിച്ചിരുന്നില്ലെന്നും, സുശാന്ത് ആവശ്യപ്പെട്ടപ്പോഴാണ് ലഹരിമരുന്ന് വാങ്ങി നൽകാൻ സഹോദരനോടും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാൻഡയോടും വീട്ടിലെ ജോലിക്കാരൻ ദീപേഷ് സാവന്തിനോടും പറഞ്ഞതെന്നും റിയ മൊഴി നൽകിയിട്ടുണ്ട്.

തെളിഞ്ഞാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് റിയക്ക് മേൽ ചുമത്തിയിരിക്കുന്നത്. ''റിയയ്ക്ക് എതിരെ കൃത്യമായ തെളിവുകളുണ്ട്. അതിനാലാണ് അവരെ അറസ്റ്റ് ചെയ്തത്. എന്നാൽ അവരെ ഞങ്ങൾക്ക് കസ്റ്റഡിയിൽ ആവശ്യമില്ല. കോടതിയിൽ കസ്റ്റഡി ആവശ്യപ്പെട്ടിട്ടുമില്ല. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിൽ വേണ്ട വിവരങ്ങളെല്ലാം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. റിയയുടെ മൊഴികളും മറ്റ് അറസ്റ്റിലായ പ്രതികളുടെ മൊഴികളും ഞങ്ങൾ ഒത്തുനോക്കുകയും ചെയ്തു'', എന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ മുത്ത അശോക് ജെയ്ൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചിരുന്നു. റിയ ചക്രബർത്തിയുടെ പക്കൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയോ, അവർ ഉപയോഗിച്ചിരുന്നതായി തെളിവുകൾ കിട്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിയ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന കേസിന് പുറമേ, സുശാന്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന 15 കോടി രൂപ തട്ടിയെടുത്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നും, ആത്മഹത്യയ്ക്ക് കാരണമായെന്നും ആരോപിച്ച് സുശാന്തിന്‍റെ കുടുംബം നൽകിയ കേസിലും പ്രതിയാണ്. 

Follow Us:
Download App:
  • android
  • ios