ശേഖര്‍ കപൂര്‍ സംവിധാനം ചെയ്‍ത് 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് മിസ്റ്റര്‍ ഇന്ത്യ. അനില്‍ കപൂറും ശ്രീദേവിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ തുടര്‍ച്ച വരുന്നുവെന്ന് അലി അബ്ബാസ് സഫര്‍ പ്രഖ്യാപിച്ചിരുന്നു. അലി അബ്ബാസിന്റെ പ്രഖ്യാപനത്തിന് എതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍. തന്റെ അച്ഛനോടോ ശേഖര്‍ കപൂറിനോടോ ചോദിക്കാതെയാണ് മിസ്റ്റര്‍ ഇന്ത്യയുടെ തുടര്‍ച്ചയുടെ പ്രഖ്യാപനമെന്ന് സോനം കപൂര്‍ പറയുന്നു.

മിസ്റ്റര്‍ ഇന്ത്യയുടെ റീമേക്കിനെ കുറിച്ച് ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു. സത്യസന്ധമായി പറയട്ടെ, സിനിമയുടെ റീമേക്കിനെ കുറിച്ച് എന്റെ അച്ഛന് അറിയില്ല. സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുള്ള ശേഖര്‍ അങ്കിളിനോടോ എന്റെ അച്ഛനോടോ ആരും ചോദിച്ചിട്ടില്ല. അലി അബ്ബാസ് സഫര്‍ സിനിമ പ്രഖ്യാപിച്ചപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. അത് ആദരവുകേടാണ്. അങ്ങനെ ഞങ്ങളുടെ സിനിമയുടെ തുടര്‍ച്ച എടുക്കുന്നത് ശരിയല്ല- സോനം കപൂര്‍ പറയുന്നു.