കൊച്ചി: കേരളത്തിലെ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക്. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇതോടെ പൊങ്കല്‍ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം 'മാസ്റ്ററി'ന്‍റെ കേരള റിലീസും നടക്കില്ല. അതേസമയം മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച അടുത്ത ചര്‍ച്ച നടത്താനിരിക്കുകയാണ് സിനിമാ സംഘടനകള്‍. കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡിയുടേതാണ് തീരുമാനം.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ പ്രതികരണം അറിയിച്ചിരുന്നു. 

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു ഫിലിം ചേംബര്‍.

അതേസമയം വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.