വന്‍ താരങ്ങള്‍ക്കെതിരെ ആരോപണവുമായി നിര്‍മ്മാതാവ്

തെലുങ്കിലെ മുന്‍നിര താരങ്ങളായ മഹേഷ് ബാബുവിനും പവന്‍ കല്യാണിനുമെതിരെ പ്രസ്താവനയുമായി നിര്‍മ്മാതാവ് സിങ്കനമല രമേഷ് ബാബു. മഹേഷ് ബാബുവിന്‍റെ ഖലീജ (2010), പവന്‍ കല്യാണിന്‍റെ കോമരം പുലി (2010) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആണ് ഇദ്ദേഹം. ഈ രണ്ട് ചിത്രങ്ങളും ചേര്‍ന്ന് തനിക്ക് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എന്നാല്‍ ചിത്രങ്ങളിലെ നായക നടന്മാരായ മഹേഷ് ബാബുവോ പവന്‍ കല്യാണോ തന്നെ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നും രമേഷ് ബാബു പറയുന്നു.

കഴിഞ്ഞ 14 വര്‍ഷമായി രമേഷ് ബാബു നടത്തുന്ന ഒരു കേസ് നംപള്ളി കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് വെളിപ്പെടുത്തലുമായി ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പവന്‍ കല്യാണ്‍ നായകനായ കോമരം പുലി എന്ന ചിത്രത്തിന്‍റെ ബജറ്റ് പരിധി വിട്ട് ഉയരാന്‍ പല കാരണങ്ങളും ഉണ്ടായിരുന്നെന്നും നിര്‍മ്മാതാവ് പറയുന്നു- ആ സമയത്ത് പ്രജാ രാജ്യം പാര്‍ട്ടിയുമായി പവന്‍ കല്യാണിന് ഉണ്ടായിരുന്ന അടുപ്പം ചിത്രീകരണത്തെ ബാധിച്ചിരുന്നു. ഈ ചിത്രത്തിലേക്ക് പണം ധാരാളം ഒഴുക്കിയെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടു. ഖലീജയും എനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി, രമേഷ് ബാബുവിന്‍റെ വാക്കുകള്‍.

നിര്‍മ്മാതാവിന്‍റെ വാക്കുകള്‍ തെലുങ്ക് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിട്ടുണ്ട്. താരങ്ങളുടെയ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരണം ഉണ്ടാവുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ത്രിവിക്രം ശ്രീനിവാസ് ആയിരുന്നു ഖലീജയുടെ തിരക്കഥയും സംവിധാനവും. എസ് ജെ സൂര്യ ആയിരുന്നു കോമരം പുലിയുടെ രചനയും സംവിധാനവും. കനകരത്ന മൂവീസിന്‍റെ ബാനറിലാണ് ഈ രണ്ട് ചിത്രങ്ങളും സിങ്കനമല രമേഷ് ബാബു നിര്‍മ്മിച്ചത്. 

ALSO READ : 'നമ്മൾ തമ്മിലുള്ള ബോണ്ട് വളരെ സ്പെഷ്യലാണ്'; അനുജത്തിയുടെ കുഞ്ഞിന് പിറന്നാളാശംസയുമായി മൃദുല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം