വർഷങ്ങളായി നടി ദിവ്യ ഉണ്ണിക്കെതിരെ നിലനിന്നിരുന്ന ആരോപണത്തിൽ വ്യക്തത വരുത്തി സംവിധായകൻ വിനയൻ. കലാഭവൻ മണിയുടെ നായികയാകാൻ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിൽ വിസമ്മതിച്ചത് ദിവ്യ ഉണ്ണി അല്ലെന്ന് വിനയൻ 

സിനിമയില്‍ സജീവമല്ലാതായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടി ദിവ്യ ഉണ്ണിയെ വിടാതെ പിന്തുടരുന്ന ചില ആരോപണങ്ങളുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ബന്ധപ്പെട്ടവയാണ് അത്. നായികയായി അരങ്ങേറിയ കല്യാണ സൌഗന്ധികത്തിലെ ഒരു ഗാനരംഗത്തില്‍ കലാഭവന്‍ മണിക്കൊപ്പമുള്ള പ്രണയരംഗം ഉള്ളതിനാല്‍ അതില്‍ അഭിനയിക്കില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞുവെന്നതാണ് അതിലൊന്ന്. മറ്റൊന്ന് വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയാവാന്‍ താനില്ലെന്ന നിലപാട് എടുത്തുവെന്നും. സമീപകാലത്തും സമൂഹമാധ്യമങ്ങളിലൂടെ ഈ ആരോപണങ്ങളില്‍ ദിവ്യ ഉണ്ണി വിമര്‍ശിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്ട് ചിത്രങ്ങളുടെയും സംവിധായകനായ വിനയന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ലെന്ന് പറയുന്നു വിനയന്‍. കല്യാണ സൌഗന്ധികത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇന്നലെ വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇതില്‍ ഒരു ആരാധകന്‍റെ സംശയത്തിലാണ് വിനയന്‍ മറുപടി നല്‍കിയിരിക്കുന്നത്.

കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്ന് ഒരു നടി പറഞ്ഞന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ എന്നായിരുന്നു ചോദ്യം. അതിന് വിനയന്‍റെ മറുപടി ഇങ്ങനെ...

വിനയന്‍റെ പ്രതികരണം

അത് ഈ സിനിമ അല്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്റ്റന്‍റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്‍റെ കൂടെ ഞാനല്ല എന്‍റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്‍റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. ദീലീപിന്‍റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു.

കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു. വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിന്‍റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്..

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്