വെങ്കട് പ്രഭു സംവിധാനം ചെയ്തിരിക്കുന്ന ചിത്രം

വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) ആണ് കോളിവുഡിലെ ഏറ്റവും പുതിയ സംസാരവിഷയം. സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസ് പ്രകടനത്തില്‍ അതൊന്നും പ്രതിഫലിച്ചിട്ടില്ല. ചിത്രം ആദ്യ വാരം പിന്നിടുമ്പോള്‍ ഇപ്പോഴിതാ കൗതുകകരമായ ഒരു റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ വിജയ്‍ അവതരിപ്പിച്ച ഇരട്ട വേഷങ്ങള്‍ സംബന്ധിച്ചാണ് അത്.

അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് വിജയ് ഗോട്ടില്‍ എത്തുന്നത്. എം എസ് ഗാന്ധി എന്ന അച്ഛന്‍ കഥാപാത്രവും ജീവന്‍ ഗാന്ധി എന്ന മകന്‍ വേഷവുമാണ് അത്. രണ്ട് പ്രായത്തിലുള്ള രണ്ട് ഗെറ്റപ്പുകളിലാണ് ഈ കഥാപാത്രം സ്ക്രീനില്‍ എത്തുന്നത്. ഡീ ഏജിംഗ് സാങ്കേതികവിദ്യയിലൂടെയാണ് മകന്‍ കഥാപാത്രത്തെ അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ മകന്‍റെ പ്രായം കുറഞ്ഞ ഗെറ്റപ്പില്‍ വിജയ് അല്ല ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചിരിക്കുന്നത്! മറിച്ച് മറ്റൊരു നടനാണ്. തമിഴ് സിനിമയില്‍ നിന്ന് തന്നെയുള്ള അയാസ് ഖാന്‍ എന്ന നടനാണ് ക്യാമറയ്ക്ക് മുന്നില്‍ ജീവന്‍ ഗാന്ധിയെ അവതരിപ്പിച്ചത്. 

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 126.32 കോടിയാണ്. തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം ഇതിനകം 100 കോടി പിന്നിട്ടിട്ടുണ്ട്. എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് നിര്‍മ്മാണം. കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭുവാണ്. 

ALSO READ : മുജീബ് മജീദിന്‍റെ സംഗീതം; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ പാട്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം