ഫഹദ് ഫാസിലിന്‍റേതായി നിരവധി പ്രോജക്റ്റുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്

പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനായി അരങ്ങേറുന്നു. ഇഷ്ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ ആണ് നായകന്‍. ബാദുഷ സിനിമാസിന്‍റെ ബാനറില്‍ എന്‍ എം ബാദുഷയാണ് നിര്‍മ്മാണം.

അതേസമയം ഫഹദ് ഫാസിലിന്‍റേതായി നിരവധി പ്രോജക്റ്റുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ധൂമം, സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഹനുമാന്‍ ഗിയര്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സംവിധായകന്‍ അല്‍ത്താഫ് സലിം ഒരുക്കുന്ന ഓടും കുതിര ചാടും കുതിര, മലയാളത്തില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആയ രോമാഞ്ചത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍റെ പേരിടാത്ത ചിത്രം എന്നിവയാണ് മലയാളത്തില്‍ ഫഹദിന്‍റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍.

തെലുങ്കില്‍ പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ ദ് റൂള്‍, കന്നഡ അരങ്ങേറ്റമായ ബഗീര എന്നിവയാണ് മറുഭാഷകളിലെ വരാനിരിക്കുന്ന പ്രോജക്റ്റുകള്‍. ശ്രീമുരളി നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂരിയാണ്. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ പവന്‍ കുമാര്‍ ആണ് ധൂമത്തിന്‍റെ സംവിധായകന്‍. അപര്‍ണ ബാലമുരളിയാണ് ഈ ചിത്രത്തിലെ നായിക.

പുതുതലമുറ മലയാളി നടന്മാരില്‍ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന പേരുകാരിലൊരാളാണ് ഫഹദ് ഫാസില്‍. തെലുങ്ക് ചിത്രം പുഷ്പയും തമിഴ് ചിത്രം വിക്രവുമൊക്കെ ഇറങ്ങുന്നതിന് മുന്‍പ് ഒടിടിയിലൂടെ എത്തിയ മലയാളം ചിത്രങ്ങളിലൂടെ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലുമൊക്കെ ആരാധകരെ നേടിയിരുന്നു അദ്ദേഹം. എന്നാല്‍ പുഷ്പയുടെയും വിക്രത്തിന്‍റെയും വന്‍ വിജയത്തോടെ ആ പ്രശസ്തി വര്‍ധിക്കുകയും ചെയ്‍തു.

ALSO READ : 'നിക്കാഹിനു ശേഷം ഞങ്ങള്‍ ലിവിം​ഗ് ടു​ഗെതര്‍ ആയിരുന്നു'; പ്രചരണങ്ങളില്‍ പ്രതികരണവുമായി ഷംന കാസിം