ഒടിടി റിലീസിനു ശേഷം ഭാഷാതീതമായ പ്രേക്ഷകശ്രദ്ധ ചിത്രത്തിന് ലഭിക്കുന്നുണ്ട്

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ജോജു ജോര്‍ജിനോളം ശ്രദ്ധ കൊടുക്കുന്നവര്‍ അപൂര്‍വ്വമാണ്. അദ്ദേഹത്തിലെ അഭിനേതാവിന്‍റെ മികവ് എന്തെന്ന് തിരിച്ചറിയുന്ന കഥാപാത്രങ്ങളെയാണ് തിരക്കഥാകൃത്തുക്കളും സംവിധായകരും അദ്ദേഹത്തിന് നല്‍കാറും. ജോജു ജോര്‍ജ് പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് പുതിയൊരു ചിത്രത്തിലെ പ്രകടനത്തിനാണ്. അദ്ദേഹം കരിയറിലെ ആദ്യത്തെ ഡബിള്‍ റോള്‍ അവതരിപ്പിച്ച ഇരട്ട എന്ന ചിത്രത്തിലെ പ്രകടനമാണ് അത്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 3 ന് ആയിരുന്നു. മാര്‍ച്ച് 3 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി എത്തിയത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ചിത്രം പകര്‍ന്ന അനുഭവം പങ്കുവച്ച് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഒരു മൂന്നാര്‍ ഡ്രൈവ് പോലെയാണ് ചിത്രമെന്ന് പറയുന്നു അദ്ദേഹം.

"വൗ ഇരട്ട! ഒരു മൂന്നാര്‍ ഡ്രൈവ് പോലെ വളവുകളും തിരിവുകളും. ജോജു ജോര്‍ജിനെ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. ആ അവസാന ലാപ്പിലെ അദ്ദേഹത്തിന്‍റെ പ്രകടനം പൂര്‍ണ്ണമായും വശീകരിക്കുന്നതായിരുന്നു. മലയാളം സിനിമകള്‍ക്ക് അതുണ്ട്!", എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ഒടിടി റിലീസിനു ശേഷം ഭാഷാഭേദമന്യെ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി നിരൂപണങ്ങള്‍ ട്വിറ്ററില്‍ എത്തുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഇരട്ടയില്‍ എത്തുന്നത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ജോജു ജോർജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറാമാന്‍. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. വരികൾ അൻവർ അലി, എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം ദിലീപ് നാഥ്‌, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യര്‍, സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, പിആര്‍ഒ പ്രതീഷ് ശേഖർ.

ALSO READ : വീണ്ടും റിലീസ് പെരുമഴ; ഈ വാരം തിയറ്ററുകളില്‍ 7 മലയാളം ചിത്രങ്ങള്‍