ഡിയര്‍ ഫ്രണ്ട് എന്ന ടൊവിനോ ചിത്രവും സമീപകാലത്ത് ഒടിടി റിലീസില്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു
ടൊവിനോ തോമസ് (Tovino Thomas), കീര്‍ത്തി സുരേഷ് (Keerthy Suresh) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്‍ത വാശി (Vaashi) ഇന്നലെയാണ് ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ടത്. ജൂണ്‍ 17ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടിരുന്ന ചിത്രം ഇന്നലെ നെറ്റ്ഫ്ലിക്സിലൂടെയാണ് (Netflix) എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ (NS Madhavan). ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ വിവിധ ഴോണറുകള്‍ പരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ് മലയാള സിനിമയെന്ന് അദ്ദേഹം പറയുന്നു.
ബേസ്ബോളിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് സ്ട്രൈക്ക് 3 ആണ്. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ മലയാള സിനിമ വിവിധ ഴോണറുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പകയ്ക്കും (റിവെഞ്ച് ഡ്രാമ) ഡിയര്‍ ഫ്രണ്ടിനും (ബഡി മൂവി) ശേഷം വാശി (കോര്‍ട്ട്റൂം ഡ്രാമ) എത്തിയിരിക്കുന്നു. ടൊവിനോയെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. മഹാനടിക്കു ശേഷം കീര്‍ത്തി സുരേഷിന്‍റെ മികവിനെ വീണ്ടും കണ്ടെത്തുകയുമാണ്. ദയവായി കാണൂ, മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ഡിയര്‍ ഫ്രണ്ട് എന്ന ടൊവിനോ ചിത്രവും സമീപകാലത്ത് ഒടിടി റിലീസില്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. അതേസമയം രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ ആണ് വാശിയുടെ നിര്‍മ്മാണം. അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങള്‍. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം ആര്‍ രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്.
ALSO READ : '3.14 കോടി രൂപ തട്ടിയെടുത്തു'; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്
