ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം വന്‍ വിജയമാണ് നേടുന്നത്
സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ കുറവാണ്. മലയാളത്തില്‍ നന്നേ കുറവും. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മിന്നല്‍ മുരളിയാണ് മോളിവുഡില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ ചിത്രം. എന്നാല്‍ ഒടിടിയിലൂടെ എത്തിയതിനാല്‍ ചിത്രം നല്‍കേണ്ടിയിരുന്ന തിയറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നഷ്ടമായി. മോളിവുഡ് അതിന്‍റെ കുറവ് പരിഹരിച്ചിരിക്കുകയാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രത്തിലൂടെ. ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പല പ്രത്യേകതകളുമുണ്ട്. റിലീസ് സമയത്തുതന്നെ ഫ്രാഞ്ചൈസിയായി പ്രഖ്യാപിക്കപ്പെട്ട മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമാണ് ലോക. ആദ്യ ചാപ്റ്ററിലെ ടൈറ്റില്‍ റോളില്‍ ഒരു നായികയാണ് എത്തുന്നത് എന്നത് അതിലേറെ വിശേഷപ്പെട്ട കാര്യം. നായികാപ്രാധാന്യമുള്ള സിനിമകള്‍ വേണ്ടത്ര ഉണ്ടാവുന്നില്ലെന്ന പരാതികള്‍ക്കിടയിലാണ് ഇത്തരത്തില്‍ ഒരു ചിത്രം വന്നിരിക്കുന്നത് എന്നത് പ്രേക്ഷകര്‍ക്കിടയില്‍ സവിശേഷ ചര്‍ച്ച ആയിട്ടുമുണ്ട്. ഇപ്പോഴിതാ നടി നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ച ആയിട്ടുണ്ട്.
ലോകയിലെ കല്യാണിയുടെ ലുക്കിനൊപ്പം നടിമാരായ പാര്‍വതി തിരുവോത്തിന്‍റെയും ദര്‍ശന രാജേന്ദ്രന്‍റെയും ചിത്രങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ് ആണ് നൈല ഉഷ പങ്കുവച്ചിരിക്കുന്നത്. “അവളുടെ വിജയം അവരുടേത് കൂടിയാണ്. (സ്ത്രീകളുടെ) അസാന്നിധ്യം ചോദ്യം ചെയ്തതിന് നന്ദി”, എന്ന് എഴുതിയിരിക്കുന്ന കാര്‍ഡ് ആണ് നൈല ഷെയര്‍ ചെയ്തിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ഒരു ചിത്രം (ലോക:) ഇത്രയും വിജയം നേടുന്ന സാഹചര്യത്തില്‍ നായികാപ്രാധാന്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്ന് ശബ്ദമുയര്‍ത്തിയ പാര്‍വതിയുടെയും ദര്‍ശനയുടെയും ഇടപെടലിനെ പ്രശംസിക്കുന്നതാണ് പോസ്റ്റ്. “ഇതിനേക്കാള്‍ യോജിക്കാന്‍ ആവില്ല” എന്ന് കുറിച്ചുകൊണ്ട് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യത്തോടുള്ള തന്‍റെ യോജിപ്പും നൈല പ്രകടിപ്പിച്ചിട്ടുണ്ട്.
ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ചതുപോലെയുള്ള കഥാപാത്രങ്ങള്‍ നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് ദര്‍ശന രാജേന്ദ്രന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വിമര്‍ശനരൂപേണ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ എത്തിയ ലോക വലിയ വിജയം നേടുമ്പോള്‍ സിനിമയിലെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തുന്നവര്‍ അതില്‍ പ്രതികരിക്കുന്നില്ലെന്ന് സിനിമാഗ്രൂപ്പുകളില്‍ വിമര്‍ശിക്കുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ ഉണ്ട്. എന്നാല്‍ പാര്‍വതിയെയും ദര്‍ശനയെയും പോലെ ചിലര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത് കാര്യങ്ങളെ ഗുണപരമായി മാറ്റുന്നതില്‍ പങ്കുവഹിച്ചുവെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. അതിനിടെയാണ് സമാന ആശയമുള്ള പോസ്റ്റ് നൈല ഉഷ പങ്കുവച്ചിരിക്കുന്നത്.

