ചിത്രം ഈ മാസം 25 ന് തിയറ്ററുകളില്‍
ഒരു സിനിമ റിലീസിന് മുന്‍പേ നേടുന്ന ജനപ്രീതിക്ക് പല കാരണങ്ങളുണ്ട്. അതില്‍ മുഖ്യം അതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തിനുള്ള ജനപ്രീതി ആയിരിക്കും. ഒപ്പം സംവിധായകന്‍ ആരെന്നതും. സിനിമകളുടെ പ്രീ റിലീസ് ഹൈപ്പ് പരിശോധിക്കാന്‍ ഇന്ന് പല മാര്‍ഗങ്ങളുണ്ട്. അതിലൊന്ന് അവ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ നേടുന്ന കളക്ഷനാണ്. ഇപ്പോഴിതാ ലേലത്തില്‍ വച്ച ഒറ്റ ടിക്കറ്റ് നേടിയ തുകയിലൂടെ വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ് ഒരു ചിത്രം. പവന്‍ കല്യാണിനെ നായകനാക്കി സുജീത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒജി എന്ന തെലുങ്ക് ചിത്രമാണ് അത്.
നടന്‍ എന്നതിനൊപ്പം രാഷ്ട്രീയ നേതാവും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയുമൊക്കെയായ പവന്‍ കല്യാണിന്‍റെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഫണ്ട് കണ്ടെത്താന്‍ വേണ്ടിയാണ് ഒജിയുടെ ആദ്യ ടിക്കറ്റിന് ലേലം നടത്തിയത്. ലേലത്തില്‍ ടിക്കറ്റ് വിറ്റുപോയതാവട്ടെ 5 ലക്ഷം രൂപയ്ക്കും. പവന്‍ കല്യാണിന്‍റെ പിറന്നാള്‍ ദിനമായ രണ്ടാം തീയതിയാണ് ലേലം നടന്നത്. നിസാമില്‍ നടക്കുന്ന ഒജിയുടെ ഷോയിലേക്കായുള്ള ടിക്കറ്റ് വാങ്ങിയത് ടീം പവന്‍ കല്യാണ്‍ നോര്‍ത്ത് അമേരിക്കയാണ്. ഓണ്‍ലൈന്‍ ആയി നടത്തിയ ലേലത്തിലൂടെ ലഭിച്ച തുക മൂന്ന് ദിവസത്തിനകം പവന്‍ കല്യാണിന്‍റെ പാര്‍ട്ടിയായ ജനസേനാ പാര്‍ട്ടിക്ക് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ദേ കാള്‍ ഹിം ഒജി എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. ഓജസ് ഗംഭീര എന്നാണ് ചിത്രത്തില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തില്‍ ഒമി ഭൌ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി ആണ്. അദ്ദേഹത്തിന്‍റെ തെലുങ്ക് അരങ്ങേറ്റമാണ് ഈ ചിത്രം. പ്രിയങ്ക മോഹന്‍, അര്‍ജുന്‍ ദാസ്, പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, ഹരീഷ് ഉത്തമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം 25 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് പവന്‍ കല്യാണ്‍ കമ്മിറ്റ് ചെയ്ത മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ് ഒജി.
ഹരി ഹര വീര മല്ലുവാണ് പവന്‍ കല്യാണിന്‍റേതായി അവസാനം എത്തിയ ചിത്രം. എന്നാല്‍ ഇത് പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.

