രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം നവംബർ 20-ന് തിയറ്ററുകളിൽ എത്തും.

തമിഴില്‍ വന്‍ വിജയം നേടിയ അമരന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓം. ധനുഷും മമ്മൂട്ടിയും സായ് പല്ലവിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ താരനിര കൊണ്ട് ഈ പ്രോജക്റ്റ് ഇതിനകം കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിദേശ വിതരണാവകാശത്തിന്‍റെ കാര്യത്തില്‍ കരാര്‍ ആയിരിക്കുകയാണ്. ഈ മേഖലയിലെ പ്രമുഖ വിതരണക്കാരായ ഫാര്‍സ് ഫിലിം ആണ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിക്കുന്നത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിക്കും സായ് പല്ലവിക്കും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. ഒക്ടോബര്‍ 16 ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ രജനികാന്ത് ചിത്രം ജയിലര്‍ 2 ന്‍റെ റിലീസ് പ്രമാണിച്ച് റിലീസ് നീട്ടുകയായിരുന്നു. നവംബര്‍ 20 ആണ് പുതിയ റിലീസ് തീയതി.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming