മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കര്‍മാരില്‍ പ്രധാനിയായിരുന്ന തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ പൊടുന്നനെയുണ്ടായ വിയോഗത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. ഈ വിയോഗം ഏറ്റവും വേദനയുണ്ടാക്കുന്നവരില്‍ ഒരാള്‍ സംവിധായകന്‍ ഒമര്‍ ലുലുവാണ്. ഒമര്‍ സംവിധാനം ചെയ്യേണ്ട പുതിയ ചിത്രം 'പവര്‍ സ്റ്റാറി'ന്‍റെ രചന നിര്‍വ്വഹിച്ചത് ഡെന്നിസ് ജോസഫ് ആയിരുന്നു. തിരക്കഥയും സംഭാഷണവും പൂര്‍ത്തിയാക്കിയിരുന്ന ഡെന്നിസിന് ഇനി ഫൈനല്‍ ഡ്രാഫ്റ്റ് ആണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. അതിനായി മൂന്നു ദിവസം മുന്‍പ് ഒമറിനെ വിളിച്ചിരുന്നു. ലോക്ക് ഡൗണിനു ശേഷം ഇരിക്കാം എന്നാണ് പറഞ്ഞിരുന്നത്. ഡെന്നിസ് ജോസഫ് അവസാനമായി എഴുതിയ തിരക്കഥയെക്കുറിച്ചും അദ്ദേഹവുമായി കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചും വ്യക്തബന്ധത്തെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് ഒമര്‍ ലുലു.

മൂന്ന് ദിവസം മുന്‍പ് വന്ന ഫോണ്‍കോള്‍

ഈ വാര്‍ത്ത പെട്ടെന്ന് കേട്ടപ്പോള്‍ ആകെ എന്തോ പോലെയായി. മൂന്ന് ദിവസം മുന്‍പാണ് ഡെന്നിസേട്ടന്‍ അവസാനമായി എന്നെ വിളിച്ചത്. സിനിമയുടെ സ്ക്രിപ്റ്റ് ഏകദേശം കഴിഞ്ഞു. ഫൈനല്‍ ഡ്രാഫ്റ്റിനുവേണ്ടി ഇരിക്കാം എന്നൊക്കെ പറഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ കഴിഞ്ഞിട്ട് കാണാമെന്നും പറഞ്ഞു. ഒരുവിധം എല്ലാം എഴുതിക്കഴിഞ്ഞിട്ടുണ്ടെന്നും ഫൈനല്‍ ഡ്രാഫ്റ്റ് ആക്കണമെന്നും പറഞ്ഞു. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്താണ് അദ്ദേഹം എഴുത്ത് തുടങ്ങിയത്. ഒരു വര്‍ഷമായി അത് ആരംഭിച്ചിട്ട്. മൂന്ന് മാസം മുന്‍പ് ഞങ്ങള്‍ സീന്‍ ഓര്‍ഡറും പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് സംഭാഷണ രചനയിലായിരുന്നു ആള്. അതും പൂര്‍ത്തിയാക്കിയിരുന്നു. എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് ഫൈനല്‍ ഡ്രാഫ്റ്റ് ആക്കാമെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. 

 

ചെയ്യാനാഗ്രഹിച്ച 'പവര്‍ സ്റ്റാര്‍' സീക്വല്‍

ഒരിടവേളയ്ക്കു ശേഷം വീണ്ടും എഴുതുന്നതിന്‍റെ ആവേശത്തിലായിരുന്നു അദ്ദേഹം. പവര്‍ സ്റ്റാര്‍ ഹിറ്റ് ആയാല്‍ ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. ഈ സിനിമ ഹിറ്റ് ആയാല്‍ മാത്രം. രണ്ടാംഭാഗത്തിന്‍റെ കാര്യത്തിലായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ആവേശം. എപ്പോഴും ഇതിലെ ഖാലിദ് എന്ന നായക കഥാപാത്രത്തെക്കുറിച്ച് പറയുമായിരുന്നു. ആ രണ്ടാംഭാഗത്തിന്‍റെ ഒരു ട്രയല്‍ മാത്രമായിരുന്നു ഡെന്നിസ് സാറിനെ സംബന്ധിച്ച് പവര്‍ സ്റ്റാര്‍. മമ്മൂക്കയെ വച്ച് ഒരു സിനിമ ചെയ്യാനുള്ള എന്‍റെ ആഗ്രഹം പറഞ്ഞപ്പോള്‍ അതിനുവേണ്ടിയുള്ള ഒരു സബ്‍ജക്റ്റും എന്നോട് പറഞ്ഞിരുന്നു. അതും എനിക്ക് ഇഷ്ടമായിരുന്നു. 

'തരുമെന്ന് പറഞ്ഞാല്‍ തന്നിരിക്കും'

ഒരു മാസ് സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ ഡെന്നിസ് സാറിനെ ഞാന്‍ സമീപിക്കുകയായിരുന്നു. ആ രീതിയിലുള്ള സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ലല്ലോ. ചെറുപ്പം മുതലേ ഡെന്നിസേട്ടന്‍റെ പടങ്ങള്‍ ഭയങ്കര ഇഷ്ടമായിരുന്നു. പ്രമോദ് പപ്പനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത്. കൊക്കൈന്‍ കടത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമയുടെ ആശയം ഞാന്‍ സാറിനോട് പറയുകയായിരുന്നു. ഒരു പത്രവാര്‍ത്തയില്‍ നിന്നു കിട്ടിയതാണ് അത്. ഡെന്നിസേട്ടനാണ് അതുവച്ച് കഥ സൃഷ്ടിച്ചത്. പവര്‍ സ്റ്റാറിന്‍റെ പ്രഖ്യാപനം നടന്ന സമയത്തുതന്നെ കുറേ പാരകള്‍ വന്നിരുന്നു. ഒമറിന് സ്ക്രിപ്റ്റ് കൊടുക്കരുതെന്ന് ഡെന്നിസേട്ടനെ വിളിച്ച് പറഞ്ഞവരുണ്ട്. അത് എന്നെ വിളിച്ചുപറയുന്നത് പപ്പേട്ടനാണ് (പ്രമോദ് പപ്പന്‍). അപ്പോള്‍ എനിക്ക് ടെന്‍ഷനായി. അക്കാര്യം സൂചിപ്പിച്ചപ്പോള്‍ പപ്പേട്ടന്‍ എന്നോട് പറഞ്ഞു- "പുള്ളി തറവാടിയാ, തരുമെന്ന് പറഞ്ഞാല്‍ തരും. അത് ഏത് വലിയ കൊലകൊമ്പന്‍ വന്നു പറഞ്ഞാലും, വാക്കില്‍ മാറ്റമുണ്ടാവില്ല". അതുപോലെയാണ് അദ്ദേഹത്തിന്‍റെ വ്യക്തിത്വം. ഇടപഴകുമ്പോള്‍ നമുക്ക് ഉള്ളില്‍ നിന്ന് ഒരു ബഹുമാനം തോന്നും. 

 

വില്ലന്മാര്‍ ഒന്നിച്ചെത്തിയ 'വ്യൂഹം' പോലെ

ഈ സിനിമയ്ക്ക് ഒരു സാധ്യതയുണ്ടെന്നാണ് പുള്ളി പറഞ്ഞിരുന്നത്. സംഗീത് ശിവന്‍റെ വ്യൂഹം എന്ന സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇങ്ങനത്തെ ഒരു സിനിമ ആളുകള്‍ പോയി കാണുമോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നുവെന്ന്. എല്ലാം വില്ലന്‍ കഥാപാത്രങ്ങളായിരുന്ന ആ പടം പക്ഷേ സൂപ്പര്‍ഹിറ്റ് ആയി. അതേപോലെ ഒരു സാധ്യത ഈ സിനിമയ്ക്കും ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്‍റെ അവസാന സിനിമ ധമാക്ക പരാജയമായിരുന്നല്ലോ. സാറിനെ കണ്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ഒരു ഹിറ്റ് അടിക്കണം എന്നായിരുന്നു. സാറിന്‍റെയും തിരിച്ചുവരവല്ലേ എന്ന് സൂചിപ്പിച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ മറുപടി നമുക്കൊരു നല്ല സിനിമ പിടിക്കാം എന്നായിരുന്നു. ഓരോ സിനിമയ്ക്കും ഒരു വിധിയുണ്ടെന്നും. ഹിറ്റാവുമെന്ന് വിചാരിച്ച് ഒരു ഫോര്‍മാറ്റിന്‍റെ പിന്നാലെ പോവേണ്ടെന്നും എന്നോട് പറഞ്ഞു. സ്വന്തം തിരക്കഥയില്‍ വന്ന 'ആയിരം കണ്ണുകളു'ടെ ഉദാഹരണവും പറഞ്ഞു. ഹിറ്റ് അടിക്കണമെന്നു വച്ച് ചെയ്ത സിനിമയാണ്, പക്ഷേ പരാജയപ്പെട്ട കാര്യം. അതേസമയം രാജാവിന്‍റെ മകന്‍ ഒരു പുതിയ പരീക്ഷണം എന്ന രീതിയില്‍ ചെയ്തതാണെന്നും. അത് സൂപ്പര്‍ഹിറ്റ് ആയി. നല്ല സിനിമയാണെങ്കില്‍ എന്നാണെങ്കിലും അതിന് ഒരു അംഗീകാരം കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്.

'ഡെന്നിസേട്ടനൊപ്പമുള്ള ഫസ്റ്റ് ഷോ ആഗ്രഹമായിരുന്നു'

ഇന്നലെ ഉണ്ണിച്ചേട്ടനൊക്കെ (ബി ഉണ്ണികൃഷ്‍ണന്‍) വിളിച്ചിരുന്നു. സ്ക്രിപ്റ്റ് സംബന്ധിച്ചൊക്കെ എന്തെങ്കിലും ആവശ്യം വന്നാല്‍ അവരെല്ലാം ഉണ്ടാവുമെന്ന് പറഞ്ഞു, ഈ സിനിമയ്ക്കു വേണ്ടിയിട്ട്. ഉദയകൃഷ്‍ണ അടക്കമുള്ളവരുടെ സഹായവും ആവശ്യമുള്ളപക്ഷം ലഭ്യമാവുമെന്ന് പറഞ്ഞു. കൊവിഡ് സാഹചര്യം ഉണ്ടായിരുന്നില്ലെങ്കില്‍ ഇതിനകം സിനിമയുടെ ചിത്രീകരണം കഴിഞ്ഞേനെ. ഫസ്റ്റ് ഷോ സാറിനൊക്കെയൊപ്പം തിയറ്ററില്‍ പോയി കാണണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. അതു നടക്കാതെപോയി. അദ്ദേഹത്തിനുള്ള ആദരാഞ്ജലിയായി ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥയായി 'പവര്‍ സ്റ്റാര്‍' പുറത്തുവരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona