താനാണെന്ന് ചമഞ്ഞ് വാട്‍സ്ആപ്പിലൂടെ കാസ്റ്റിംഗ് കോള്‍ തട്ടിപ്പിനു ശ്രമമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്‍റെ ചിത്രം വാട്‍സ്ആപ് ഡിപി ആക്കിയ ഒരു യുഎസ് നമ്പരില്‍ നിന്നാണ് പെണ്‍കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ എത്തുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമനടപടികള്‍ക്ക് ശ്രമിക്കുകയാണെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്‍റെ പേരില്‍ തട്ടിപ്പിന് ശ്രമമെന്ന് ഒമര്‍ ലുലു

"Fake Casting Call. എന്‍റെ ഫോട്ടോ DP ഇട്ടുകൊണ്ട്‌ ഒരു US നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ്‌ അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്ത്‌, പെൺകുട്ടികൾക്ക്‌ സിനിമയിലേയ്ക്ക്‌ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട്‌ മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. സൗമ്യ മേനോൻ, അരുന്ധതി നായർ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്‌. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഞാൻ നിയമനടപടിയെടുക്കുകയാണ്‌. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ്‌ കോളുകൾക്കോ ഞാനോ ഒമർ ലുലു എന്‍റര്‍ടെയ്ന്‍‍മെന്‍റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല."

അതേസമയം ബാബു ആന്‍റണി നായകനാവുന്ന 'പവര്‍ സ്റ്റാര്‍' ആണ് ഒമര്‍ ലുലുവിന്‍റെ അടുത്ത ചിത്രം. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുമുള്ള ചിത്രത്തില്‍ ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവും ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്.