ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം.

'നല്ല സമയം' എന്ന തന്റെ ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്നുവെന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമർ ലുലു അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസിൽ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമർ ലുലു അറിയിച്ചിരുന്നു.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

അതേസമയം, ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും ഒമര്‍ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിച്ചിരുന്നു. 

ഡിസംബര്‍ 30നാണ് നല്ല സമയം റിലീസിന് എത്തിയത്. പിന്നാലെ ആയിരുന്നു എക്സൈസ് കേസ്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്നേഷ് കെ നായര്‍, സോംഗ് കട്ട് ഹേമന്ദ് കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വൈശാഖ് പി വി, സെക്കന്‍റ് ക്യാമറ അജ്മല്‍ ലത്തീഫ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. ഇര്‍ഷാദ് അലിക്കൊപ്പം പുതുമുഖ നായികമാരാണ് നല്ല സമയത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. 

'മാളികപ്പുറ'ത്തേറിയ ഉണ്ണി മുകുന്ദൻ; തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസിന്