സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളെല്ലാം ഏഷ്യാനെറ്റില്‍
സമീപകാല മലയാള സിനിമയില്‍ വലിയ വിജയവും പ്രേക്ഷകശ്രദ്ധയും നേടിയ ചിത്രങ്ങളുമായി ഏഷ്യാനെറ്റിന്‍റെ ഓണാഘോഷം. പാന്‍ ഇന്ത്യന്‍ തലത്തില്‍ വന്‍ പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ഭാഗമായ ദൃശ്യം 3, ഹാഷിറും സംഘവും വന്‍ വിജയം നേടിയ വാഴ 2, ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമായെത്തി വന്‍ വിജയം നേടിയ മോഹിനിയാട്ടം, നസ്‍ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് എന്നിവയാണ് ഏഷ്യാനെറ്റിന്‍റെ പ്രധാന ഓണച്ചിത്രങ്ങള്‍. ഇവയുടെ സംപ്രേഷണ സമയം വൈകാതെ പ്രഖ്യാപിക്കും.
ദൃശ്യം സിരീസിലെ മൂന്നാമത്തെ ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ദൃശ്യം 3. മറുഭാഷാ പ്രേക്ഷകരിലും ഈ ചിത്രത്തിന്‍റെ വരവ് ആകാംക്ഷ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതുപോലെ ഒരേ രീതിയിലുള്ള പോസിറ്റീവ് പ്രതികരണങ്ങളല്ല ഈ ചിത്രത്തിന് ലഭിച്ചത്. അതേസമയം ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് മുന്നേറ്റത്തെ തടയാന്‍ പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് സാധിച്ചുമില്ല. മലയാളത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍ സ്വന്തമാക്കിയാണ് ചിത്രം ലൈഫ് ടൈം ബോക്സ് ഓഫീസ് ക്ലോസ് ചെയ്തത്. 239 കോടിയാണ് ചിത്രത്തിന്‍റെ ആകെ നേട്ടം.
വാഴ 2 നെ സംബന്ധിച്ച് ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയമാണ് ചിത്രം നേടിയത്. ആദ്യ ഭാഗം സൗഹൃദത്തെക്കുറിച്ച് ആയിരുന്നുവെങ്കില്‍ രണ്ടാം ഭാഗം സാഹോദര്യബന്ധത്തെക്കുറിച്ചായിരുന്നു. ചിരി മാത്രം പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്ക് അപ്രതീക്ഷിതമായി ഒരു വൈകാരിക തലം കൂടി ചിത്രം പകര്‍ന്നു. ഫലം, കുടുംബപ്രേക്ഷകരുടെയും പ്രീതി നേടാന്‍ ചിത്രത്തിനായി. ഫലം ബോക്സ് ഓഫീസിലെ മിന്നും പ്രകടനം. ദൃശ്യം 3 കഴിഞ്ഞാല്‍ മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നിലവില്‍ വാഴ 2 ന്‍റെ പേരിലാണ്. 235 കോടിയാണ് ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ്.
ഭരതനാട്യം പ്രേക്ഷകര്‍ വൈകി തിരിച്ചറിഞ്ഞ ചിത്രമായിരുന്നെങ്കില്‍ മോഹിനിയാട്ടം തിയറ്ററിലെത്തിത്തന്നെ ജനം കണ്ടു. 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു ചിത്രം. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് സംവിധായകന്‍റെ അടുത്ത ചിത്രമെന്ന നിലയില്‍ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നുവെങ്കിലും പ്രതീക്ഷിച്ച രീതിയിലുള്ള വിജയം നേടാനാവാതെപോയ ചിത്രമാണ് മോളിവുഡ് ടൈംസ്. അതേസമയം ചിത്രം പ്രേക്ഷകശ്രദ്ധ നേടി.

