ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങളും മറ്റ് പ്രത്യേക പരിപാടികളും
ഈ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാവുന്ന കാഴ്ചയുടെ വിരുന്നൊരുക്കി ഏഷ്യാനെറ്റ്. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ടെലിവിഷൻ പ്രീമിയറുകൾ, പ്രത്യേക ഓണം ടെലിഫിലിമുകൾ, സംഗീത വിരുന്നുകൾ, കോമഡി സ്കിറ്റുകൾ, പാചക പരിപാടികൾ, ബിഗ് ബോസ് മലയാളം സീസൺ 7 പ്രത്യേക എപ്പിസോഡുകൾ, ഏറെ പ്രതീക്ഷയുള്ള കേരള വടംവലി ലീഗ് എന്നിവയടങ്ങിയ സമ്പന്നമായ പരിപാടികളുടെ നിരയാണ് ഏഷ്യാനെറ്റ് ഈ ഓണത്തിന് ഒരുക്കിയിരിക്കുന്നത്.
ഉത്രാട ദിനമായ ഇന്ന് രാവിലെ 8 മണിക്ക് പരമ്പരാഗത ഓണ വിഭവങ്ങളുടെ രുചികൾ സമ്മാനിക്കുന്ന ഓണരുചി മേളം & ഓണക്കലവറയോടെ ആഘോഷങ്ങൾ തുടങ്ങും. രാവിലെ 9 മണിക്ക് സൈജു കുറുപ്പ്, തൻവി റാം, ദിലീഷ് പോത്തൻ എന്നിവർ അഭിനയിക്കുന്ന കുടുംബചിത്രമായ അഭിലാഷം സംപ്രേഷണം ചെയ്യും. 12 മണിക്ക് പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പൊളിറ്റിക്കൽ ത്രില്ലെർ എമ്പുരാന്‍ സംപ്രേഷണം ചെയ്യുന്നു. വൈകുന്നേരം 3.30ന് ഹിറ്റായ കോമഡി ചിത്രം പടക്കളവും 6.30ന് മാവേലി കോട്ടാരം എന്ന പ്രത്യേക ടെലിഫിലിമും സംപ്രേഷണം ചെയ്യും. ദക്ഷിണേന്ത്യയിൽ ആദ്യമായി, പ്രിയപ്പെട്ട സീരിയൽ കഥാപാത്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന മെഗാ സിനിമാറ്റിക് അവതാരമാണിത്. രാത്രി 9.30ന് ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ ഓണം സ്പെഷ്യൽ എപ്പിസോഡും പ്രേക്ഷകരെ കാത്തിരിക്കുന്നു.
തിരുവോണ ദിനം (സെപ്റ്റംബർ 5) ഏഷ്യാനെറ്റ് വീണ്ടും സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കുന്നു. രാവിലെ 9 മണിക്ക് ബേസിൽ ജോസഫ്, ലിജോമോൾ എന്നിവർ അഭിനയിക്കുന്ന കുടുംബചിത്രം പൊൻമാൻ പ്രദർശിപ്പിക്കും. 12 മണിക്ക് അർജുൻ അശോകൻ, മഹിമ നമ്പ്യാര്‍, മാത്യു, കലാഭവൻ ഷാജോൺ എന്നിവർ അഭിനയിച്ച ബ്രൊമാൻസിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ പ്രേക്ഷകരെ ആവേശഭരിതരാക്കും. 3 മണിക്ക് ദിലീപ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ അഭിനയിച്ച പ്രിൻസ് & ഫാമിലിയുടെ ടെലിവിഷൻ പ്രീമിയർ സംപ്രേഷണം ചെയ്യും. 6 മണിക്ക് എവർഗ്രീൻ താരങ്ങളായ മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച തുടരും സിനിമയുടെ ഗ്രാൻഡ് പ്രീമിയർ പ്രേക്ഷകർക്ക് മുന്നിൽ എത്തും. രാത്രി 9.30ന് ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ ഓണം സ്പെഷ്യൽ എപ്പിസോഡും സംപ്രേഷണം ചെയ്യുന്നു.

